
കൊച്ചി : റബ്ബർ വിലയെ ചൊല്ലി നിലപാടുകൾ വലിച്ചു നീട്ടുകവഴി മലയോര കർഷകരുടെ ആത്മാഭിമാനത്തിന് വില പേശുന്ന മാർ ജോസഫ് പാംപ്ലാനിയെ രൂക്ഷമായി വിമർശിച്ച് താമരശേരി രൂപതാ വൈദികൻ ഫാ. അജി പുതിയാപറമ്പിൽ . സഭാ നേതൃത്വത്തിന്റെ വിദ്യാഭ്യാസ കച്ചവടം അടക്കം അൽമായ വിരുദ്ധ നിലപാടിൽ മനം നൊന്ത് ശുശ്രൂഷാ ദൗത്യം ഉപേക്ഷിച്ച് പ്രവാചക ദൗത്യം ഏറ്റെടുത്ത ഫാ: അജിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ –
*വെറും റബ്ബറല്ല ഞങ്ങൾ….*
“റബറിന് 250 രൂപയാക്കിയാൽ ഞങ്ങൾ ഇടതുപക്ഷത്തിന് വോട്ട് ചെയ്യാം . 300 രൂപയാക്കിയാൽ ബി.ജെ.പിക്ക് വോട്ട് ചെയ്യാം” !!!
ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന വീണ്ടും വിവാദമാവുകയാണ്.
സെമിനാരിയിൽ പഠിക്കുന്ന കാലം മുതലേ പാംപ്ലാനി മെത്രാപ്പോലീത്തയെ എനിക്ക് പരിചയമുണ്ട്. ബുദ്ധിമാനായ , സരസനായ, സഹൃദയനായ സെമിനാരിക്കാരൻ. മെലിഞ്ഞ ശരീരം… തീഷ്ണതയുള്ള കണ്ണുകൾ…. മികച്ച വാഗ്മിയും ചിന്തകനും…. ഞങ്ങളുടെയൊക്കെ ഹീറോയായിരുന്നു അന്ന് ബ്രദർ ജോസഫ് പാംപ്ലാനി . !
പിന്നീട് വൈദികനായപ്പോഴും അതിന് ഒരു മാറ്റവും വന്നില്ല !!
എല്ലാ വിഷയത്തിലും ശക്തവും വ്യക്തവുമായ നിലപാടുകൾ അദ്ദേഹം കാത്തു സൂക്ഷിച്ചിരുന്നു.
സഭാ രാഷ്ട്രീയത്തിൽ കടുത്ത കൽദായ വിരുദ്ധൻ . !!
സാമൂഹ്യ രാഷ്ട്രീയത്തിൽ കോൺഗ്രസ്സ് അനുഭാവി. !
ചിന്തയിൽ അല്പം ഇടതുപക്ഷം ഉണ്ടെങ്കിലും തീവ്ര കമ്യുണിസ്റ്റ്
വിമർശകൻ.!
ഇടതുപക്ഷ അനുഭാവം ഉണ്ടായിരുന്ന മെത്രാൻമാരെ വരെ പരസ്യമായി വിമർശിക്കാൻ ധൈര്യം കാണിച്ചയാൾ.!! സംഘപരിവാർ രാഷ്ട്രീയത്തെയും കർശനമായി എതിർത്തയാൾ. !
എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ *നിലപാടുകളിൽ ധാരാളം മാറ്റങ്ങൾ വന്നു.* കാലത്തിനനുസരിച്ച് നിലപാടുകൾ മാറ്റാനും പുതിയവ സ്വീകരിക്കാനും ആർക്കും സ്വാതത്ര്യമുണ്ട്.
മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണല്ലോ!!!!
എന്നാൽ ഒരാളുടെ ചിന്താശക്തിക്കും സാമാന്യ ബുദ്ധിക്കും ഇത്രയേറെ ശോഷണം സംഭവിക്കുന്നത് വിസ്മയത്തോടെ മാത്രമേ കാണാൻ കഴിയൂ. !
കേരളത്തിലെ കർഷകരുടെ പ്രത്യേകിച്ച് ക്രിസ്ത്യാനികളുടെ രാഷ്ട്രീയ ബോധത്തെ വെറും 300 രൂപയിലേയക്കും പിന്നീട് 250 രൂപയിലേയ്ക്കും ചുരുക്കിയ അങ്ങയുടെ യുക്തിരാഹിത്യത്തെ ദു:ഖത്തോടെ മാത്രമേ കാണാനാവു..
ഈ പ്രസ്താവന കാണുന്ന പൊതു സമൂഹം കേരളത്തിലെ ക്രിസ്ത്യാനികളെ എങ്ങനെയാവും വിലയിരുത്തുക?..
കുറച്ച് പണം കൊടുത്താൽ എങ്ങോട്ടും ചായുന്ന, അല്പം പോലും രാഷ്ട്രീയ ബോധമില്ലാത്ത ജനസമൂഹമായല്ലേ മറ്റുള്ളവർ ക്രൈസ്തവരെ കരുതൂ. ഇത് ക്രൈസ്തവർക്ക് ഗുണകരമാണോ?
കേരളത്തിലെ ക്രിസ്ത്യാനികൾ എല്ലാവരും റബ്ബർ മാത്രമാണോ കൃഷി ചെയ്യുന്നത്?…. മറ്റു വിളകൾക്കൊന്നും വില വേണ്ടേ?
എന്താണ് അങ്ങയുടെ ക്ഷേമരാഷ്ട്ര സങ്കല്പം?
അറിയാൻ താത്പര്യമുണ്ട് ….
വോട്ട് ചെയ്യുന്നവർക്ക് മാത്രമാണോ ഒരു സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്ക് അവകാശം? പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്നവർക്ക് ഈ ജനാധിപത്യ രാജ്യത്തിൽ അവകാശങ്ങൾ ഒന്നുമില്ലേ? എല്ലാ പൗരൻമാരും നികുതി നല്കുന്നവരാണ് എന്നത് അങ്ങ് മറന്നുപോയോ?
*ഇന്നു കേരളത്തിൽ എല്ലാ വിഭാഗം ജനങ്ങളും വലിയ പ്രതിസന്ധിയിലാണ്*. തുച്ഛമായ ക്ഷേമ പെൻഷനു വേണ്ടി വൃദ്ധരായ അമ്മമാർ പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങി .
കേരളത്തിലിന്ന് ക്ഷേമമുള്ളത്
ഭരണചക്രം തിരിക്കുന്നവർക്കും എറാൻ മൂളികൾക്കും അനുചരൻമാർക്കും മാത്രമാണ്. ഇതൊന്നും അങ്ങയുടെ കണ്ണിൽ പെടുന്നില്ലേ?
അതോ , അന്ധത നടിക്കുന്നതോ ?
ഒരു സംശയം:
ഇനി പാക്കിസ്ഥാൻ പ്രധാന മന്ത്രിയെങ്ങാൻ റബ്ബറിന് 400 രൂപ തന്നാൽ അങ്ങോട്ട് പോകുമോ?…. ഇല്ലെന്നാണ് ഞാൻ കരുതുന്നത്. മനുഷ്യന്റെ അന്തസ്സിനെയും രാഷ്ട്രീയ ബോധത്തെയും ദയവായി പണമെന്ന അളവുകോലുകൊണ്ട് *മാത്രം* അളക്കരുത്.!
റബ്ബറ് പോലെ വലിച്ചാൽ നീളാത്ത ഉറച്ച സ്വത്വബോധത്താൽ സമ്പന്നരാണ് എക്കാലവും കേരള ക്രൈസ്തവർ ………
ഫാ. അജി പുതിയാപറമ്പിൽ