KERALAlocaltop news

ഫുട്പാത്ത് പാർക്കിംഗ് കർശനമായി തടയണം : മനുഷ്യാവകാശ കമ്മീഷൻ

 

കോഴിക്കോട്: നഗരത്തിലെ ഫുട്പാത്തിലും മറ്റും വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് കർശനമായി തടയണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

ഒരു തരത്തിലുമുള്ള ട്രാഫിക് നിയമലംഘനങ്ങൾ ലഘുവായി കാണരുതെന്നും ഇത്തരം നടപടികൾക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്കും ട്രാഫിക് അസിസ്റ്റൻറ് കമ്മീഷണർക്കും നിർദ്ദേശം നൽകി. നഗരത്തിലെ ഫുട്പാത്ത് പാർക്കിംഗിനെ കുറിച്ചുള്ള പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് സമർപ്പിച്ചു.

നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. തിരക്ക് നിയന്ത്രിക്കാൻ രാവിലെ 8 മുതൽ വൈകിട്ട് 8 വരെ എസ് ഐമാരുടെ നേതൃത്വത്തിൽ പത്ത് ട്രാഫിക് സെക്റ്റർ വാഹനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. 47 പോയിൻറുകളിൽ ഹോം ഗാർഡുമാരെയും 120 ഓളം ട്രാഫിക് സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്.

വാഹനബാഹുല്യവും പാർക്കിംഗ് സൗകര്യങ്ങളുടെ കുറവുമാണ് നിയമ ലംഘനങ്ങൾക്കുള്ള പ്രധാന കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.നിയമലംഘനങ്ങൾ കണ്ടെത്താൻ 64 നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 2022 ഓഗസ്റ്റിൽ മാത്രം 1359 ഗതാഗത നിയമലംഘനങ്ങളിൽ 2,11,500 രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കമ്മീഷൻ്റെ ഇടക്കാല ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഫുട്പാത്ത് പാർക്കിംഗ് കണ്ടെത്താൻ സിറ്റിയിലെ എല്ലാ എസ് എച്ച്.ഒമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ട്രാഫിക് സെക്ടർ ഓഫീസർമാർക്കും പോയിൻറ് ഡ്യൂട്ടിയിലുള്ള
പോലീസുദ്യോഗസ്ഥർക്കും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

പോലീസ് ഇടപെടൽ ക്രിയാത്മകമാണെന്ന് ഉത്തരവിൽ പറയുന്നു.കോഴിക്കോട് നഗരത്തിൽ വീതിയുള്ള റോഡുകൾ പാർക്കിംഗിന് വേണ്ടി മാർക്ക് ചെയ്തിട്ടുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close