Politics
ബിഷപുമാർക്ക് ” മാർ ” വേണ്ട, “ശ്രീ ” മതി: ഫാ. അജി പുതിയാപറമ്പിൽ
എറണാകുളം : മെത്രാന്മാരുടെ പേരിന് മുന്നിൽ “മാർ “വേണ്ട , ശ്രീ മതിയെന്ന് ഫാ. അജി പുതിയാപറമ്പിൽ. വൈറലായ അദ്ദേഹത്തിൻ്റെ പോസ്റ്റ് താഴെ -:
” മെത്രാൻമാരുടെ പേരിന് മുമ്പിൽ കാണുന്ന ‘ മാർ ‘ ന്റെ അർത്ഥം എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ? മെത്രാൻമാരുടെ മാത്രമല്ല കേരള ക്രൈസ്തവർ ആദരപൂർവ്വം വണങ്ങുന്ന പല വിശുദ്ധരുടെ പേരിൻ്റെ മുമ്പിലും ‘മാർ’ എന്ന ഉപസർഗ്ഗപദം ചേർക്കാറുണ്ട്. ഉദാഹരണത്തിന് മാർ ഔസേപ്പ് , മാർ തോമാസ്ലീഹാ , മാർ സെബസ്റ്റ്യാനോസ് , മാർ ഗീവർഗ്ഗീസ് എന്നിങ്ങനെ.
വിശുദ്ധരുടെയും മെത്രാൻമാരുടെയും പേരിന് മുമ്പിൽ ചേർക്കാറുള്ള ‘മാർ’ എന്ന പൂജക പദം മലയാളമല്ല. കുടിയേറ്റക്കാരനാണ്. സിറിയക് ഭാഷയിൽ നിന്നും മലയാളത്തിലേയ്ക്ക് കുടിയേറി വന്നതാണ്.
*പ്രഭു (Lord ) അല്ലെങ്കിൽ യജമാനൻ (Master) എന്നാണ് ഈ വാക്കിൻ്റെ അർത്ഥം.* മാറ ( Mara) എന്ന അരമായിക് പദത്തിൽ നിന്നാണ്
‘ മാർ ‘ (Mar) എന്ന സിറിയക് വാക്കിൻ്റെ ഉദ്ഭവം. മാറ (mara) എന്ന അരമായിക് വാക്കിൻ്റെ അർത്ഥവും പ്രഭു അല്ലെങ്കിൽ യജമാനൻ എന്നാണ്.
മെത്രാൻമാരുടെ പേരിനോടൊപ്പം ” മാർ ‘ എന്ന് ഇപ്പോഴും ചേർക്കുന്നതിൽ ഒരു പുനരാലോചന അനിവാര്യമായിരിക്കുന്നു.
പ്രധാനമായും മൂന്ന്
കാരണങ്ങൾ.
*ഒന്ന്* : ഒരാളെ വിശുദ്ധനായി പ്രഖ്യാപിക്കാൻ കത്തോലിക്കാ സഭയ്ക്ക് സുദീർഘമായ നടപടിക്രമങ്ങളുണ്ട്. എത്രയോ കാലത്തെ പഠനങ്ങൾക്കും വിശകലനങ്ങൾക്കും ശേഷമാണ് ഒരാളെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്. അങ്ങനെയുള്ള വിശുദ്ധരെയും മാനുഷികമായ പോരായ്മകളും കുറവുകളും ഉണ്ടാകാൻ സാധ്യതയുള്ള
മെത്രാൻമാരെയും
‘ മാർ ‘ എന്ന ഒരേ പദം കൊണ്ട് അഭിസംബോധന ചെയ്യുന്നതിൽ ഒരു അനൗചിത്യമുണ്ട്……..
*രണ്ട്* : പ്രഭു, യജമാനൻ തുടങ്ങിയ സംബോധനകൾ അടിമ , ഉടമ അഥവാ ജന്മി കുടിയാൻ സമ്പ്രദായങ്ങളുടെ ശേഷിപ്പുകളാണ്. ഒരു പരിഷ്കൃത സമൂഹത്തിന് തീർത്തും അന്യമാകേണ്ട പദങ്ങളും ശൈലികളുമാണത്……
*മൂന്ന്* : ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. യേശുവിന്റെ മനോഭാവത്തോട് ഒട്ടും ചേർന്നു പോകുന്ന ഒന്നല്ല ഇത്തരം സംബോധനകൾ……
യേശുവിൻ്റെ തന്നെ വാക്കുകൾ ശ്രദ്ധിക്കുക…
“യേശു അവരെ അടുത്തുവിളിച്ച് ഇപ്രകാരം പറഞ്ഞു: വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്തം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ.
എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്.
(മത്തായി 20 : 25 – 26)
ഇങ്ങനെയാണ് യേശു ശിഷ്യൻമാരെ പഠിപ്പിച്ചത്. തന്നെയുമല്ല അവരെ സ്നേഹിതർ എന്നു വിളിക്കുകയും ഒരു വേള അവരുടെ പാദങ്ങൾ കഴുകുകയും ചെയ്തു. ഇതിൽ കൂടുതൽ എന്ത് മാതൃകയാണ് നമുക്ക് വേണ്ടത്. !!!
‘ മാർ ‘ എന്നതിന് പകരം എന്ത് പദം ഉപയോഗിക്കും?
നമ്മുടെ നാടിൻ്റെ പൂർവികശ്രേഷ്ഠ പാരമ്പര്യത്തിൽ എത്രയോ നല്ല വാക്കുകകളുണ്ട്. അതിൽ ഒന്നാണ് *ശ്രീ* (Shri) എന്ന പൂജക പദം. ആത്മീയമായും സാമൂഹികമായും സാംസ്കാരികമായും ആഴമായ അർത്ഥങ്ങളുള്ള പദമാണിത്.
ശ്രീ എന്ന പദം ചേർത്ത് മാത്രം തന്നെ അഭിസംബോധന ചെയ്താൽ മതിയെന്ന് മുൻ രാഷ്ട്രപതിയായിരുന്ന പ്രണബ് കുമാർ മുഖർജി (2012 – 2017) ഉത്തരവ് പോലും ഇറക്കി.
എന്തുകൊണ്ട് ബിഷപ്പുമാരെയും ‘ശ്രീ’ എന്ന് ചേർത്ത് വിളിച്ചു കൂടാ!!! ഉദാഹരണത്തിന് മേജർ ആർച്ച്ബിഷപ് ശ്രീ റാഫേൽ തട്ടിൽ, കർദ്ദിനാൾ ശ്രീ ജോർജ്ജ് ആലഞ്ചേരി, ബിഷപ്പ് ശ്രീ ബോസ്കോ പുത്തൂർ…. എന്തെങ്കിലും അഭംഗിയുണ്ടോ?
*പ്രഭു, യജമാനൻ* എന്നിങ്ങനെ അർത്ഥം വരുന്ന ‘ *മാർ* ‘ എന്ന ഫ്യൂഡലിസ്റ്റ് പദത്തിനേക്കാൾ എന്തുകൊണ്ടും
യേശുദർശനത്തോട് ചേരുന്നതും നവോത്ഥാന മൂല്യങ്ങൾ ഉൾക്കൊള്ളുന്നതുമായ വാക്ക് *’ശ്രീ’* എന്നതു തന്നെ.
ഫാ. അജി പുതിയാപറമ്പിൽ