INDIAKERALAlocaltop newsVIRAL

ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കാനും നിരാകരിക്കാനുമുള്ള ശ്രമങ്ങള്‍ രാജ്യത്തെ പിന്നോട്ടടിപ്പിക്കും -മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് :

ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കാനും നിരാകരിക്കാനുമുള്ള ഏത് ശ്രമവും നമ്മെ പിന്നോട്ടടിപ്പിക്കുകയേ ചെയ്യൂവെന്നും ജനാധിപത്യവും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകണമെന്നും  മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ 77ാം റിപ്പബ്ലിക് ദിനത്തില്‍ പതാകയുയര്‍ത്തിയ ശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.

ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം, സമത്വം തുടങ്ങിയ മഹത്തായ ആശയങ്ങളെയും വൈവിധ്യം നിറഞ്ഞ സാംസ്‌കാരികതകളെയും കോര്‍ത്തിണക്കി ഇന്ത്യയെന്ന ആശയത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായിരുന്നു ഭരണഘടന. വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുമ്പോഴാണ് രാജ്യം വികസിക്കുക. മനുഷ്യനെ വിഭജിക്കുന്ന എല്ലാ ശ്രമങ്ങളെയും ഭരണഘടന എതിര്‍ക്കുന്നു. എല്ലാ വൈജാത്യങ്ങള്‍ക്കും അതീതമായി ഇന്ത്യക്കാരായി നാം നിലനില്‍ക്കുന്നത് ഭരണഘടനയിലുള്ള ഇന്ത്യയെന്ന സത്തയെ ഉള്‍ക്കൊള്ളുന്നതിന് വേണ്ടിയാണ്. നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ ആശയത്തെ ലോകത്തിന് സംഭാവന ചെയ്തത് ഇന്ത്യയാണെന്ന് നമുക്ക് അഭിമാനത്തോടെ പറയാനാവും. നാമെല്ലാം തുല്യരാണെന്നും പരസ്പരം സ്‌നേഹിക്കാനും ബഹുമാനിക്കാനും കഴിയുന്ന വിശാലമായ മാനവിക മൂല്യങ്ങളില്‍ ഉറച്ചുനിന്ന് മുന്നോട്ട് പോകണമെന്നും റിപ്പബ്ലിക് ദിനം ഓര്‍മിപ്പിക്കുന്നു. ഭരണഘടനയുടെ അന്തസത്ത കാത്തുസൂക്ഷിക്കാന്‍ അചഞ്ചലരായി, ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് ഓരോരുത്തരും പ്രതിജ്ഞയെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാവിലെ 8.55ഓടെ പരേഡ് ഗ്രൗണ്ടിലെത്തിയ മന്ത്രിയെ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, സിറ്റി പൊലീസ് കമീഷണര്‍ ജി ജയ്‌ദേവ്, കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി ടി ഫറാഷ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഒമ്പത് മണിക്ക് ദേശീയ പതാക ഉയര്‍ത്തിയ ശേഷം മന്ത്രി തുറന്ന ജീപ്പില്‍ സഞ്ചരിച്ച് പ്ലാറ്റൂണുകളുടെ അഭിവാദ്യം സ്വീകരിച്ചു. മാവൂര്‍ പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി പി ദിനേശ് ആയിരുന്നു പരേഡ് കമാന്‍ഡര്‍. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ എസ്.ഐ കെ സുജിത്ത് കുമാര്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായി.

പരേഡില്‍ പോലീസ്, സായുധ റിസര്‍വ് പോലീസ്, വനിതാ പോലീസ്, എക്സൈസ്, വനം വകുപ്പ്, അഗ്‌നിരക്ഷാ സേന, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ് തുടങ്ങിയവ ഉള്‍പ്പെടെ 20 പ്ലാറ്റൂണുകള്‍ അണിനിരന്നു. എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പരേഡില്‍ സേനാ വിഭാഗത്തില്‍ കോഴിക്കോട് റൂറല്‍ ജില്ലാ ആസ്ഥാനത്തെ എം കെ വിവേകന്‍ നയിച്ച പോലീസ് പ്ലാറ്റൂണും വിദ്യാര്‍ഥി വിഭാഗത്തില്‍ കെ ദയാകൃഷ്ണ നയിച്ച മാവൂര്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് ടീമും ഒന്നാം സ്ഥാനം നേടി. പരേഡില്‍ പങ്കെടുത്ത എല്ലാ പ്ലാറ്റൂണുകള്‍ക്കും മന്ത്രി ഉപഹാരം കൈമാറി.
ദേശീയ ഗാനത്തോടെ ഔദ്യോഗിക ചടങ്ങുകള്‍ക്ക് സമാപനമായി. തുടര്‍ന്ന് കേന്ദ്രീയ വിദ്യാലയത്തിലെയും പ്രൊവിഡന്‍സ് എച്ച്.എസ്.എസിലെയും വിദ്യാര്‍ഥിനികളുടെ ദേശഭക്തി ഗാനാലാപനവും സെന്റ് വിന്‍സന്റ് ഗേള്‍സ് എച്ച്.എസ്.എസ് വിദ്യാര്‍ഥിനികളുടെ ഗ്രൂപ്പ് ഡാന്‍സും അരങ്ങേറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close