KERALAlocaltop news

മതസംവിധാനങ്ങൾ ഭരണകൂടങ്ങളെ ഹൈജാക്ക് ചെയ്യുന്നു : ഫാ. അജി പുതിയാപറമ്പിൽ

* ഈ പോക്ക് എങ്ങോട്ട് ?

എറണാകുളം : മത നേതൃത്വങ്ങളെ ഭയക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളെ രൂക്ഷമായി വിമർശിച്ചും തുറന്നുകാട്ടിയും ഫാ. അജി പുതിയാപറമ്പിലിൻ്റെ ഫേസ്ബുബുക്ക് പോസ്റ്റ്.  കൊള്ളയുടെ ശുശ്രൂഷാ ദൗത്യം ഉപേക്ഷിച്ച് പ്രവാചക ദൗത്യം സ്വീകരിച്ച ഫാ. അജിയുടെ നിലപാടുകൾ ഇതിനകം ചർച്ചയാവുകയും ഒരു വിഭാഗം   വിശ്വാസികളുടെ    ഇടയിൽ വൻ സ്വീകാര്യത നേടുകയും ചെയ്തിട്ടുണ്ട്. പോസ്റ്റ് ഇങ്ങനെ: 

*ഇണചേരുന്ന മതവും രാഷ്ട്രീയവും*

ഭാഗം 1.

അതീവ ഗുരുതരമായ ഒരു സാമൂഹിക അന്തരീക്ഷത്തിലാണ് കേരളം ഇന്ന് അകപ്പെട്ടിരിക്കുന്നത്. ഇവിടുത്തെ രാഷ്ട്രീയ പൊതുബോധം അതിഭീകരമാവിധം
മതവത്ക്കരിക്കപ്പെട്ടിരിക്കുന്നു. മതങ്ങളാകട്ടെ അതിദാരുണമായി രാഷ്ട്രീയവത്ക്കരിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

മനുഷ്യരേക്കാൾ മതനേതാക്കളെ എങ്ങനെ പ്രീതിപ്പെടുത്താം എന്നതിലാണ് രാഷ്ട്രീയ നേതൃത്വത്തിൻ്റെ ശ്രദ്ധയെങ്കിൽ ഭരണകൂടത്തെ എങ്ങനെ കൈപ്പിടിയിലാക്കാം എന്നതിലാണ് മതനേതൃത്വത്തിൻ്റെ വ്യഗ്രത.!!
ഇക്കാലത്ത് മതങ്ങൾ നടത്തുന്ന ആത്മീയ പരിപാടികളൊക്കെ തന്നെ ഒരു തരം രാഷ്ട്രീയ
വിലപേശലിൻ്റെയും സമ്മർദ്ദ തന്ത്രങ്ങളുടെയും ഭാഗമായി മാറിയത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. മെത്രാഭിഷേകം, വിവിധ സമുദായ സംഘടനകളുടെ വാർഷികങ്ങൾ, ബൈബിൾ കൺവൻഷൻ, ഉത്സവങ്ങൾ, പെരുന്നാളുകൾ തുടങ്ങിയവയിലൊക്കെ ഒരവസരം കിട്ടാൻ രാഷ്ട്രീയ നേതാക്കൾ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ്.

ഈയിടയായി മതനേതാക്കളുടെ ആത്മീയ പ്രഭാഷണങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ?? അതിലൊക്കെ തന്നെ ചില രാഷ്ട്രീയ മുന്നറിയിപ്പുകളും ഭീക്ഷണികളുമുണ്ടാകും.
അതിനെയൊക്കെ പേടിച്ചും അവരെ പ്രീതിപ്പെടുത്തിയും ഭരണവും രാഷ്ട്രീയ പ്രവർത്തനവും നടത്തേണ്ട ഗതികേടിലാണ് ഇന്നത്തെ കേരള രാഷ്ട്രീയം.

ഇത് ഒട്ടും ആശാസ്യമല്ല

ഇവിടുത്തെ മതരാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഒരുദാഹരണം മാത്രം പറയാം …

2025 ജനുവരി 10 ന് അർദ്ധരാത്രിയിൽ എറണാകുളം അതിരൂപതയുടെ ബിഷപ്സ് ഹൗസിൽ വച്ച് 21 മനുഷ്യർക്ക് ( വൈദികർ) നേരേ ക്രൂരമായ പോലീസ് അതിക്രമവും നഗ്നമായ മനുഷ്യാവകാശ ലംഘനവും നടന്നിട്ട് ഇതിനകം പത്ത് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഈ അനീതിക്കെതിരേ ഇതുവരെ കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവും പരസ്യമായി പ്രതികരിച്ചിട്ടില്ല.!! അങ്ങാടിയിൽ അലഞ്ഞ് നടക്കുന്ന ആടിന് ആപത്ത് സംഭവിച്ചാൽ പോലും അടിയന്തിര പ്രമേയം അവതരിപ്പിക്കുന്ന പ്രതിപക്ഷവും കണ്ടഭാവം നടിച്ചിട്ടില്ല.

മന:പൂർവ്വമല്ല ഈ നിശ്ശബ്ദത… നിവൃത്തികേട് കൊണ്ടാണ്…. ചില നേതാക്കൾ അത് തുറന്ന് സമ്മതിക്കുകയും ചെയ്തു.

കാരണം ആ 21 വൈദികരും പ്രതിഷേധിച്ചത് മതനേതൃത്വത്തിൻ്റെ കൊള്ളരുതായ്മകൾക്കെതിരേയായിരുന്നു.

ഇന്നത്തെ കേരള സാഹചര്യത്തിൻ പുരോഹിതനേതൃത്വത്തിൻ്റെ അപ്രീതിക്ക് പാത്രമാകാൻ ഏതെങ്കിലും രാഷ്ട്രീയക്കാരൻ ധൈര്യപ്പെടുമോ??. … കേരള രാഷ്ട്രീയം ; അത് ഭരണപക്ഷമോ പ്രതിപക്ഷമോ ആവട്ടെ , അത്രമാത്രം മതനേതൃത്വത്തെ ഭയപ്പെടുന്നു. !!!

മെത്രാൻമാരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സർക്കാർ പോലും ഈ കാടത്തത്തിന് മുതിർന്നത് എന്നാണ് പിന്നീട് മനസ്സിലാക്കാൻ കഴിഞ്ഞത്. ജനമൈത്രി പൊലീസ് അധ:പതിച്ചാൽ മതപൊലീസും ആകാം .

ഭരണകൂടത്തെ ഹൈജാക്ക് ചെയ്യാൻ തക്കവിധം ഇവിടുത്തെ മതസംവിധാനങ്ങൾ ശക്തി പ്രാപിച്ചിരിക്കുന്നു!!

ഇത് എങ്ങോട്ടേക്കുള്ള പോക്കാണ്.???

വിവേകാനന്ദൻ പറഞ്ഞ ഭ്രാന്താലയമായി നമ്മൾ മാറിക്കഴിഞ്ഞു എന്നത് ഇനിയെന്നാണ് മലയാളി മനസ്സിലാക്കുക ??

ഫാ. അജി പുതിയാപറമ്പിൽ
22/01/2025

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close