കോഴിക്കോട് : സൗത്ത് ബീച്ചിൽ നീന്തൽകുളത്തിനായി ഏറ്റെടുത്ത സ്ഥലത്ത് മുടക്കിയ ലക്ഷങ്ങളും വാങ്ങിയ സാധനങ്ങളും പാഴായിപോയെന്ന പരാതിയിൽ ഹൈക്കോടതിയുടെ തീർപ്പിന് വിധേയമായി തുടർനടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ തീരുമാനിച്ചു.
കേസിലെ പ്രതികളെ ഹൈക്കോടതി ഒഴിവാക്കിയ സാഹചര്യത്തിലാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥിന്റെ നടപടി.
ജില്ലാകളക്ടർ, ജില്ലാ സ്പോർട്ട്സ് കൗൺസിൽ, പോർട്ട് ഓഫീസർ എന്നിവർ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടുകളിൽ പരാതിക്കാരൻ വിയോജിച്ചതോടെ കമ്മീഷനിലെ അന്വേഷണ വിഭാഗത്തെ നിയോഗിച്ച് അന്വേഷണം നടത്തി.1999 ഓഗസ്റ്റ് 16 ലെ റവന്യൂവകുപ്പ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 1.55 ഏക്കർ സ്ഥലം, നീന്തൽകുളം നിർമ്മാണത്തിനായി 10 വർഷത്തെ പാട്ടക്കരാർ വ്യവസ്ഥയിൽ കോഴിക്കോട് ജില്ലാ സ്പോർട്ട് കൗൺസിലിന് വിട്ടുകൊടുത്തത്. 1999 – ൽ തന്നെ നിർമ്മാണം തുടങ്ങിയെങ്കിലും സൊസൈറ്റി ഫോർ എൻവയോൺമെന്റ് എന്ന സംഘടന ഹൈക്കോടതിയിൽ പരാതി നൽകി. 2005 – ൽ കേസ് തീർപ്പായെങ്കിലും കരാറുകാരൻ പ്രവൃത്തി ഏറ്റെടുക്കാൻ തയ്യാറായില്ല.
ആദ്യഘട്ടത്തിൽ പണി തുടങ്ങിയപ്പോൾ തന്നെ സാധനസാമഗ്രികൾ ഇറക്കുമതി ചെയ്ത വകയിൽ കരാറുകാരൻ കോടതിയെ സമീപിച്ച് അവർക്കാവശ്യമുള്ള തുക നേടിയെടുത്തു. ഇതിനിടെ നീന്തൽക്കുളം നിർമ്മാണത്തിലെ അപാകതകൾ വിജിലൻസ് അന്വേഷിച്ചു. അന്വേഷണ റിപ്പോർട്ട്കോടതിക്ക് സമർപ്പിച്ചെങ്കിലും ഹൈക്കോടതി കേസിലെ പ്രതികളെ ഒഴിവാക്കി.
പാട്ടക്കരാർ നിലവിലുണ്ടെന്നും പാട്ടം അനുവദിച്ചത് സർക്കാരായതിനാൽ പാട്ടം റദ്ദാക്കാനുള്ള അധികാരം സർക്കാരിനാണോ എന്നറിയുന്നതിനായി റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. സർക്കാരിൽ നിന്നും നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ബീച്ച് സ്വിമ്മിംഗ് പൂൾ പ്ലാനും എസ്റ്റിമേറ്റും പുന:പരിശോധിച്ച് ബി.ഒ.ടി. അടിസ്ഥാനത്തിൽ പ്രവൃത്തി നടത്താമെന്ന് ജില്ലാ കളക്ടർ പറഞ്ഞിട്ടുണ്ടെന്നും കുടിശിക ഒഴിവാക്കുന്നതിനും സ്പോർട്ട്സ് ഡയറക്ട്രേറ്റിന്റെ സാമ്പത്തിക സഹായത്തോടെ സ്വിമ്മിംഗ് പൂൾ നിർമ്മാണം തുടങ്ങുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഡയറക്ട്രേറ്റ് ഓഫ് സ്പോർട്ട്സിനോട് അപേക്ഷിച്ചിട്ടുണ്ടെന്നും ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. പൊതുപ്രവർത്തകനായ എ. സി. ഫ്രാൻസിസ് സമർപ്പിച്ച പരാതിയിലാണ് നടപടി.