KERALAlocaltop news

സാമൂഹ്യനീതി വകുപ്പിന്റെ ഇടപെടല്‍; ബീഹാറില്‍ നിന്നു കാണാതായ പ്രഭാദേവി തിരികെ വീട്ടിലേക്ക്

കോഴിക്കോട്: ബീഹാറില്‍ നിന്നും അവിചാരിതമായി കോഴിക്കോട്ടെത്തിയ പ്രഭാദേവി കുടുംബത്തോടൊപ്പം ചേരുന്ന സന്തോഷത്തില്‍ ഭര്‍ത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങി. കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ട പ്രഭാദേവിയെ മെഡിക്കല്‍ കോളേജ് പോലീസ് ഈ മാസം അഞ്ചിനാണ് സാമൂഹ്യനീതി വകുപ്പിന്റെ വെള്ളിമാട്കുന്നുള്ള ഷോര്‍ട്ട് സ്റ്റേ ഹോമില്‍ എത്തിച്ചത്. 29 കാരിയായ പ്രഭാദേവിയെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുകയെന്ന വലിയ ദൗത്യത്തിലായിരുന്നു ഹോം അധികൃതര്‍.

കേന്ദ്ര ആഭ്യന്തര വകുപ്പ് മുന്‍ ജീവനക്കാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ശിവന്‍ കോട്ടൂളി പ്രഭാദേവിയില്‍ നിന്നും ലഭിച്ച ചെറിയ വിവരങ്ങള്‍ വെച്ച് ബീഹാറിലെ ഇവരുടെ പ്രദേശത്തെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. നാടുവിട്ടും വഴിതെറ്റിയും മറ്റും കുടുംബത്തില്‍നിന്നും വേര്‍പെട്ട് അലയുന്ന നിരവധി പേരെ സ്വന്തം നാടുകളിലെത്തിച്ചയാളാണ് ഇദ്ദേഹം. കുടുംബ വഴക്കിനെ തുടര്‍ന്ന് പ്രഭാവതിയെ കാണാതായതോടെ പരാതി നല്‍കി ബന്ധുക്കള്‍ കാത്തിരിക്കുകയാണെന്ന് സ്റ്റേഷനില്‍നിന്ന് അറിയിച്ചു. ഏറെ ശ്രമകരമായാണ് യുവതിയുടെ കുടുംബത്തെ കണ്ടെത്തിയത്. ഫോണ്‍ വഴി വിശദവിവരം ലഭിച്ചതോടെ യുവതിയുടെ ഭര്‍ത്താവ് രാം ബാബു സിങ് കോഴിക്കോട്ട് എത്തുകയായിരുന്നു. ബീഹാറിലെ ചാപ്ര സ്വദേശികളായ ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്.

ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് കെ.എം.അഹമ്മദ് റഷീദ്, ഷോര്‍ട്ട് സ്റ്റേ ഹോം സൂപ്രണ്ട് പി.എം.നാരായണി, ശിവന്‍ കോട്ടൂളി, സംഗീത തുടങ്ങിയവര്‍ ചേര്‍ന്ന് ഇരുവരെയും യാത്രയാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close