KERALAlocaltop news

പതിനാറുകാരിയെ ലഹരി മരുന്ന് നൽകി തട്ടിക്കൊണ്ടുപോയ കേസ് : ഒരാൾ കൂടി അറസ്റ്റിൽ

കോഴിക്കോട് : പതിനാറുകാരിയെ ലഹരിമരുന്ന് നൽകി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ഒരാൾകൂടി പിടിയിൽ. പതിനാറുകാരിയെ കർണാടകയിലെ ചാന്നപ്പട്ടണത്തിനടുത്ത് വച്ചാണ് എലത്തൂർ പോലീസ് മയക്കുമരുന്ന് മാഫിയയിൽ നിന്നും മോചിപ്പിച്ചത്. മുഖ്യപ്രതി നാസറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് സംഘത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിൽ മറ്റുപ്രതികൾക്കായി പഴുതടച്ച അന്വേഷണം നടന്നുവരികയാണ്.
വിവിധ സംസ്ഥാനങ്ങളിലെ രഹസ്യകേന്ദ്രങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പുറക്കാട്ടിരി സ്വദേശി അരുൺ (27) ആണ് ഇന്നലെ രാത്രി ഡൻസാഫും സിറ്റി ക്രൈം സ്ക്വാഡും നടത്തിയ പരിശോധനയിൽ പിടിയിലായത്. വയനാട്ടിലെ രഹസ്യകേന്ദ്രത്തിൽവെച്ച് കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തശേഷം ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജ് അറസ്റ്റ് ചെയ്തു. അരുണും നാസറും ചേർന്ന് മുൻകൂട്ടി പദ്ധതി തയ്യാറാക്കിയശേഷം പെൺകുട്ടിയെ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിക്കൊണ്ട്പോകുകയായിരുന്നു.
തലക്കുളത്തൂർ കേന്ദ്രീകരിച്ച് ശക്തിപ്രാപിച്ചു വരുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ നാട്ടുകാരുടെ പ്രക്ഷോഭം നടന്നുവരുന്നതിനിടെയാണ് നാസറിന്റെ സംഘത്തിൽ പെട്ട ഒരാൾകൂടി പോലീസിന്റെ പിടിയിലാകുന്നത്.
വാട്ട്സ്ആപ്പിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളുടെയും സീക്രട്ട് ചാറ്റ് സംവിധാനത്തിലൂടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും ആശയവിനിമയം നടത്തിയ പ്രതി പോലീസ് അന്വേഷിച്ച ആരോടുംതന്നെ പിന്നീട് ബന്ധപ്പെടാതെ രഹസ്യകേന്ദ്രങ്ങളിൽ മാറിമാറി താമസിക്കുകയായിരുന്നു. ഒന്നര മാസത്തോളം പോലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിഞ്ഞ പ്രതി ഒടുവിൽ ക്രൈം സ്ക്വാഡിൻ്റെ പിടിയിലകപ്പെടുകയായിരുന്നു. പ്രതിക്കെതിരെ ചേവായൂർ പോലീസ് സ്റ്റേഷനിൽ കൊലപാതകശ്രമത്തിനും കേസ് നിലവിലുണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്.
ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാർ, സി.കെ.സുജിത്ത്, ബിജുമോഹൻ, എസ് ദീപ്തീഷ്, ഡൻസാഫ് അസിസ്റ്റന്റ് എസ്ഐ മനോജ് എടയേടത്ത്, സിപിഒമാരായ അർജുൻ അജിത്ത് കാരയിൽ സുനോജ് സൈബർ വിദഗ്ദൻ പികെ.വിമീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close