KERALAtop news

സുഗമ ദർശനത്തിന് ക്രമീകരണം പൂർത്തിയായി: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ശബരിമല:  മണ്ഡല – മകരവിളക്ക് തീർത്ഥാടന കാലത്ത് തീർത്ഥാടകർക്ക് സുഗമമായ ദർശനം നൽകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമല സന്നിധാനത്ത് വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ഹൈക്കോടതി നിർദ്ദേശങ്ങൾ അനുസരിച്ചുമാണ് തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയത്.
ഇത്തവണ ദർശനത്തിനെത്തുന്ന ഭക്തർക്ക് കുടിവെള്ള വിതരണത്തിനുള്ള പ്രത്യേക സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഓഷധ ജലമാണ് വിതരണം നടത്തുക. പമ്പ ഗണപതി കോവിലിനടുത്താണ് കൗണ്ടർ സ്ഥാപിച്ചിട്ടുള്ളത്. ഒരു ലിറ്റർ വെള്ളം കൊള്ളുന്ന സ്റ്റെയിൻലസ് സ്റ്റീൽ പാത്രത്തിലാണ് ജലം വിതരണം ചെയ്യുന്നത്. ഇതിനായി 200 രൂപ ഡെപ്പോസിറ്റ് ചെയ്യണം. ദർശനം പൂർത്തിയാക്കി തിരികെ പമ്പയിലെത്തി പാത്രം തിരികെ നൽകുമ്പോൾ ഡെപ്പോസിറ്റ് തുക തിരികെ നൽകും. ചരൽമേട്, ജ്യോതി നഗർ, മാളികപ്പുറം എന്നിവിടങ്ങളിൽ വെള്ളം നിറയ്ക്കുന്നതിനുള്ള സൗകര്യമുണ്ട്.
സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. സന്നിധാനത്ത് എത്തുമ്പോൾ മുതൽ വലിയ നടപ്പന്തൽ, ലോവർ തിരുമുറ്റം, അപ്പർ തിരുമുറ്റം, മാളികപ്പുറം, പ്രസാദം കൗണ്ടറുകൾ, അന്നദാന മണ്ഡപം എന്നിവിടങ്ങളിൽ ഭക്തർക്ക് സാമൂഹിക അകലം പാലിച്ച് നിൽക്കുന്നതിനുള്ള മാർക്കിംഗ് നടത്തിയിട്ടുണ്ട്. അണു നശീകരണത്തിൻ്റെ ഭാഗമായി വലിയ നടപ്പന്തലിൻ്റെ തുടക്കത്തിൽ ശുദ്ധജലം ഉപയോഗിച്ച് കാൽ കഴുകുന്നതിനുള്ള സംവിധാനവും ശേഷം സാനിറ്റെസർ ഉപയോഗിച്ച് ശുചിയാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഭക്തർ നടക്കുന്ന സ്ഥലങ്ങളായ വലിയ നടപ്പന്തൽ, ലോവർ തിരുമുറ്റം, അപ്പർ തിരുമുറ്റം, മാളികപ്പുറം, മാളികപ്പുറം തിരുമുറ്റം, ഫ്ലൈഓവർ, എന്നിവിടങ്ങളിൽ ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിച്ച് അണുവിമുക്തമാക്കും. അന്നദാന മണ്ഡപം, ദേവസ്വം മെസ്, പോലീസ് മെസ്, ഭണ്ഡാരം എന്നിവിടങ്ങളിൽ തെർമ്മൽ വേപ്പറൈസേഷൻ ഫോഗിംഗ് മെഷീൻ ഉപയോഗിച്ച് അണുവിമുക്തമാക്കും. 23 സ്ഥലത്ത് പെഡസ്ട്രിയൽ ടൈപ്പ് ഹാൻഡ് സാനിറ്റൈസറുകൾ സ്ഥാപിച്ചിട്ടുണ്ട്. നെയ്ത്തേങ്ങ സ്വീകരിക്കുന്ന സ്ഥലം, സ്റ്റാഫ് ഒൺലി ഗേറ്റ്, എക്സിക്യൂട്ടീവ് ഓഫീസിനു മുൻവശം, എന്നിവിടങ്ങളിൽ സെൻസറുള്ള ഹാൻഡ് സാനിറ്റൈസറുകൾ സ്ഥാപിക്കും. തൊഴിലാളികൾക്ക് എല്ലാവർക്കും മാസ്കും, ഗ്ലൗസും നൽകിയിട്ടുണ്ട്. തീർത്ഥാടകരോട് നേരിട്ട് ഇടപഴകേണ്ടി വരുന്ന തൊഴിലാളികൾക്ക് ഫേസ് ഷീൽഡും നൽകിയിട്ടുണ്ട്. അന്നദാന മണ്ഡപത്തിൽ ഓരോ തവണ ആഹാരം കഴിച്ചതിനു ശേഷവും അണുവിമുക്തമാക്കും. ശൗചാലയങ്ങൾ ഓരോ വ്യക്തികൾ ഉപയോഗിച്ചു കഴിയുമ്പോഴും അണുവിമുക്തമാക്കും. മാസ്കും, ഗ്ലൗസും ഇടുന്നതിനായി ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. രോഗം കണ്ടെത്തുന്ന തീർത്ഥാടകരെ നാട്ടിൽ എത്തിക്കാൻ ആംബുലൻസ് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. സിഎഫ് എൽടിസിയിൽ ചികിത്സ വേണ്ടവർക്ക് ചികിത്സ ഉറപ്പുവരുത്തും. ശബരിമലയെ തകർക്കുക എന്ന ലക്ഷ്യത്തോടെ വർഗ്ഗീയ ശക്തികൾ ഓൺലൈൻ മാധ്യമങ്ങൾ വഴിയും, പ്രാദേശിക മാധ്യമങ്ങൾ വഴിയും  ശബരിമലക്കെതിരേ വാർത്ത പടച്ചു വിട്ടിരുന്നു. അവയെല്ലാം വിശ്വാസ സമൂഹം തള്ളിക്കളയുകയാണ് ചെയ്തതെന്നും മന്ത്രി  പറഞ്ഞു.

പമ്പ മുതൽ സന്നിധാനം വരെയുള്ള തീർത്ഥാടന പാതയിൽ അഞ്ച് അടിയന്തിര ഘട്ട വൈദ്യസഹായ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 20 ആംബുലൻസുകളും ആരോഗ്യ വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. ആയുർവേദ വകുപ്പ് പമ്പ, എരുമേലി, സന്നിധാനം എന്നിവിടങ്ങളിൽ താൽക്കാലിക ഡിസ്പൻസറികൾ ആരംഭിച്ചു. വനം വകുപ്പ് പമ്പാ, സന്നിധാനം എന്നിവിടങ്ങളിൽ കൺട്രോൾ റൂം സ്ഥാപിച്ചു പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. അയ്യപ്പസേവാസംഘത്തിൻ്റെ എട്ട് സ്ട്രച്ചറുകളും, 60 വാളണ്ടിയർമാരും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.കെ.എസ്.രവി, അഡ്വ.എൻ.വിജയകുമാർ, എക്സിക്യൂട്ടീവ് ഓഫീസർ വി.എസ്.രാജേന്ദ്രപ്രസാദ്, ദേവസ്വം കമ്മീഷണർ ബി.എസ്.തിരുമേനി, ചീഫ് എഞ്ചിനീയർ കൃഷ്ണകുമാർ, ഐ.ജി.എസ്.ശ്രീജിത്ത്, സന്നിധാനം സ്പെഷ്യൽ ഓഫീസർ ബി. കൃഷ്ണകുമാർ, തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close