localtop news

മോഷ്ടാക്കള്‍ നശിപ്പിച്ചുപേക്ഷിച്ച കാമറയില്‍ നിന്ന് ദൃശ്യങ്ങള്‍ വീണ്ടെടുത്തു

നവമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ച് പ്രതികളെ വലയിലാക്കുകയാണ് ലക്ഷ്യം.

കോഴിക്കോട്: അലങ്കാര മത്സ്യ കടയില്‍ കവര്‍ച്ച നടത്തിയവരുടെ സി.സി.ടി.വി കാമറ ദൃശ്യങ്ങള്‍ വീണ്ടെടുത്ത് പൊലീസ്. കടയില്‍ നിന്നെടുത്ത് നശിപ്പിച്ചുപേക്ഷിച്ച കാമറയില്‍ നിന്നാണ് വിദഗ്ധരുടെ സഹായത്തോെട കസബ പൊലീസ് മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ വീണ്ടെടുത്തത്. ഇവ നവമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ച് പ്രതികളെ വലയിലാക്കുകയാണ് ലക്ഷ്യം.
ആഗസ്റ്റ് ഏഴിന് രാത്രിയാണ് കിണാശ്ശേരി തോട്ടുമ്മാരം ഭാഗത്തെ അലങ്കാര മത്സ്യ കടയുടെ പൂട്ട് തകര്‍ത്ത് കവര്‍ച്ച നടന്നത്. മേശയില്‍ സൂക്ഷിച്ച അയ്യായിരത്തോളം രൂപയും വിലകൂടിയ അലങ്കാര മത്സ്യങ്ങള്‍, അക്വാറിയം, അലങ്കാര പക്ഷി, കൂട് എന്നിവയാണ് രണ്ടംഗസംഘം കവര്‍ന്നത്. കടയിലെ സി.സി.ടി.വി കാമറ സംഘം നശിപ്പിച്ചതിനാല്‍ പൊലീസിന് മോഷ്ടാക്കളെക്കുറിച്ച് ആദ്യഘട്ടത്തില്‍ സൂചനയൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കസബ് എസ്.ഐ വി. സിജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സമീപ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ച് പരിശോധിച്ചതിലൂടെ ചില സൂചനകള്‍ കിട്ടി. ഇതിനിടെയാണ് മോഷടാക്കള്‍ നശിപ്പിച്ച് ഉപേക്ഷിച്ച കാമറ സമീപത്തെ തോട്ടില്‍ നിന്ന് ലഭിച്ചത്. വിദഗ്ധരുടെ സഹായത്തോടെയാണ് ഇതില്‍ നിന്ന് മോഷ്ടാക്കുളുടെ ദൃശ്യം വീണ്ടെടുത്തത്. കവര്‍ച്ച നടന്ന ദിവസം തന്നെ സമീപത്തെ മറ്റു ചില കടകളിലും മോഷണ ശ്രമം നടന്നിരുന്നു. ഇതിനുപിന്നിലും ഇവര്‍ തന്നെയാണെന്നാണ് സൂചന. സി.സി.ടി.വി കാമറയില്‍ പതിഞ്ഞവയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കസബ എസ്.ഐ – 9497980710, സ്റ്റേഷന്‍ – 0495 2722286 എന്നീ ഫോണ്‍ നമ്പറുകളില്‍ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close