
കോഴിക്കോട്: സെറിബറൽ പാൾസി രോഗമുള്ള കുട്ടിക്ക് കക്കോടി – ചേളന്നൂർ ബി.ആർ. സി വഴി 2017-18 ൽ നൽകിയ വിലകൂടിയ കൊമ്മോഡ് ചെയർ, അളവ് ശരിയല്ലാത്തതിനാൽ മാറ്റി നൽകണമെന്ന ആവശ്യം അംഗീകരിക്കാതെ തിരികെ വാങ്ങികൊണ്ടുപോയി ക്രമക്കേട് നടത്തിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പിലാക്കാത്ത സമഗ്ര ശിക്ഷാ കേരളം പ്രോജക്റ്റ് ഡയറക്ടർക്കെതിരെ നിയമാനുസൃതം നടപടിയെടുക്കേണ്ടിവരുമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജൂനാഥ്.
സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം ഡയറക്ടർ സമർപ്പിക്കണം.ഇതുസംബന്ധിച്ച് നടന്ന വിജിലൻസ്, ധനകാര്യ പരിശോധന വിഭാഗം എന്നിവയുടെ അന്വേഷണ റിപ്പോർട്ടുകളും സമർപ്പിക്കണം. കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിജിലൻസും ധനകാര്യ പരിശോധനാവിഭാഗവും അന്വേഷണം നടത്തിയതായി സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ കമ്മീഷനെ അറിയിച്ചു.
എന്നാൽ ഡയറക്ടർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. കിടപ്പു രോഗിയായ തന്റെ മകന് ലഭിക്കേണ്ട വില കൂടിയ സ്റ്റീൽ ചെയർ വിത്ത് കമ്മോഡ് ലഭിച്ചിട്ടില്ലെന്നു പരാതിക്കാരനായ നന്മണ്ട സ്വദേശി കമ്മീഷനെ അറിയിച്ചു.
വിവിധ ഏജൻസികൾ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളും കമ്മീഷനെ അറിയിച്ചിട്ടില്ലെന്ന് ഉത്തരവിൽ പറഞ്ഞു. കമ്മീഷന്റെ നടപടിക്രമങ്ങൾ ജൂഡീഷ്യൽ പ്രൊസീസിംഗാണെന്നും ഉത്തരവിൽ പറഞ്ഞു




