KERALAlocaltop news

കല്ലായി പുഴയിലെ ചെളി നീക്കല്‍ 2026 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കും: മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

കോഴിക്കോട് :

കല്ലായി പുഴയില്‍ അടിഞ്ഞുകൂടിയ ചെളി 2026 മാര്‍ച്ചോടെ പൂര്‍ണമായി നീക്കം ചെയ്ത് ഉദ്ഘാടനം നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കല്ലായി പുഴ നവീകരണവുമായി ബന്ധപ്പെട്ട് ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം സാധ്യതയടക്കം ഉള്‍പ്പെടുത്തി പദ്ധതിയുടെ തുടര്‍പ്രവൃത്തിയുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് വിശദമായ ഡിപിആര്‍ തയാറാക്കി കോര്‍പ്പറേഷന് നല്‍കണം. ഓരോ മാസവും ചെയ്യേണ്ട കാര്യങ്ങള്‍ പ്രത്യേകം പട്ടിക തയാറാക്കി അവലോകനം നടത്തണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പ്രവൃത്തി പുരോഗമിക്കുന്ന വേളയില്‍ ഇതിന്റെ വേഗം കൂട്ടാനുള്ള എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തണം. ഒരു തദ്ദേശ സ്ഥാപനം പുഴ സംരക്ഷണത്തിന് കോടികള്‍ ചെലവിട്ട് ഇടപെടല്‍ നടത്തുന്നത് മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പുഴ ശുചീകരണത്തിന് 12.98 കോടി രൂപയുടെ പദ്ധതിയാണ് കോര്‍പറേഷന്‍ ആവിഷ്‌കരിച്ചത്. ബാര്‍ജ്, ഡ്രഡ്ജര്‍, എസ്‌കവേറ്റര്‍ എന്നിവ ഉപയോഗിച്ചാണ് ചെളി നീക്കം ചെയ്യുക. ഇവ ബാര്‍ജില്‍കൊണ്ടുപോയി കടലില്‍ നിക്ഷേപിക്കും. കോതി മുതല്‍ മാങ്കാവ് വരെയുള്ള ഭാഗത്തെ 3.29 ലക്ഷം ക്യൂബിക് മീറ്റര്‍ ചെളിയാണ് എടുക്കുക. നിലവില്‍ 300 മീറ്റര്‍ ഭാഗികമായും 180 മീറ്ററില്‍ പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ട്. കടലിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പ്രവൃത്തി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. നഗരത്തിലെ വെള്ളക്കെട്ടിനുള്ള ശാശ്വതപരിഹാരമെന്ന രീതിയിലാണ് കല്ലായിപ്പുഴയിലെ ചെളിനീക്കലിനെ കാണുന്നത്. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ കല്ലായിയിലെയും കനോലി കനാലിലെയും ഒഴുക്ക് സുഗമമാകും.
യോഗത്തില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷരായ പി കെ നാസര്‍, പി ദിവാകരന്‍, പി സി രാജന്‍, സൂപ്രണ്ടിങ് എഞ്ചിനീയര്‍ എസ് ഇ ബിജോയ്, ഇറിഗേഷന്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ ടി ഷാജി, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യു കെ ഗിരീഷ് കുമാര്‍, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി അജയന്‍, അസി. എഞ്ചിനീയര്‍ അശ്വിന്‍ ദാസ്, കോര്‍പറേഷന്‍ അഡീഷണല്‍ സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close