
ഇടുക്കി:ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ സമരം ചെയ്ത് വൈറലായ മറിയക്കുട്ടിയിതാ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു.ബിജെപി നേതാക്കള്‍ തന്നോട് മത്സരിക്കാന്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടതായി മറിയക്കുട്ടി പറയുന്നു.അടിമാലി പഞ്ചായത്തിലാണ് മറിയക്കുട്ടിയെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനുളള നീക്കം നടക്കുന്നത്.അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശിനിയായ 88കാരി മറിയക്കുട്ടി ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ബിജെപിയില്‍ ചേര്‍ന്നത്.തൊടുപുഴയില്‍ നടന്ന വികസിത കേരള കണ്‍വെന്‍ഷനില്‍ വെച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് മറിയക്കുട്ടി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ അടിമാലിയില്‍ പിച്ചച്ചട്ടിയെടുത്ത് നടത്തിയ പ്രതിഷേധത്തോടെ മറിയക്കുട്ടി വാര്‍ത്തകളില്‍ ഇടം പിടിച്ചത്.തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും രൂക്ഷമായി വിമര്‍ശിച്ച് പല തവണ മറിയക്കുട്ടി രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ മറിയക്കുട്ടിയെ പിന്തുണച്ചും രംഗത്ത് വന്നു.
സുരേഷ് ഗോപി നേരിട്ട് എത്തി മറിയക്കുട്ടിയെ കാണുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.അതിനിടെ കോണ്‍ഗ്രസിന്റെ പ്രതിഷേധ വേദികളില്‍ മറിയക്കുട്ടി സാന്നിധ്യമായി മാറുകയും ചെയ്തു.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് എതിരെ മറിയക്കുട്ടി പ്രചാരണത്തിനും ഇറങ്ങിയിരുന്നു.സ്വന്തമായി വീടില്ലാതിരുന്ന മറിയക്കുട്ടിക്ക് കെപിസിസിയാണ് വീട് വെച്ച് നല്‍കിയത്.മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നേരിട്ടെത്തിയായിരുന്നു മറിയക്കുട്ടിക്ക് വീടിന്റെ താക്കോല്‍ കൈമാറിയത്.അതേസമയം സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്.സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനാണ് നടക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര്‍ പതിനൊന്നിനാണ് നടക്കുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയാണ് രണ്ടാംഘട്ടത്തില്‍. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.




