
കോഴിക്കോട്: കോണ്‍ഗ്രസ് കളത്തിലിറക്കിയ സംവിധായകന്‍ വിഎം വിനുവിന് വോട്ടില്ലെന്ന് ബോധ്യമായതോടെ പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ബൈജു കാളക്കണ്ടിയാണ് കല്ലായ് ഡിവിഷനിലെ കോണ്‍ഗ്രസിന്റെ പുതിയ സ്ഥാനാര്‍ഥി. പന്നിയങ്കര കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റാണ് ബൈജു.പ്രവര്‍ത്തകരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ബൈജുവിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. അതേസമയം, വിഎം വിനുവിനെ മറ്റൊരു രീതിയില്‍ ഉപയോഗപ്പെടുത്താനും കോണ്‍ഗ്രസ് തീരുമാനിച്ചു. വിഎം വിനുവും നടന്‍ ജോയ് മാത്യുവും കോണ്‍ഗ്രസിന്റെ മുഖങ്ങളായി തിരഞ്ഞെടുപ്പ് പ്രചാരണതത്തിന് മുന്നിലുണ്ടാകുമെന്ന് നേതൃത്വം സൂചിപ്പിച്ചു.
more news:വന്ദേഭാരതിൽ പ്രതീക്ഷയർപ്പിച്ച് മലയാളികൾ, കേരളത്തിൽ എത്തുന്നത് ഡിസംബറിൽ
അതേസമയം വിഎം വിനു പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്. വളരെ സന്തോഷത്തോടെ അദ്ദേഹം പ്രചാരണം തുടങ്ങുകയും വീടുകളിലെത്തി വോട്ട് ചോദിക്കുകയും ചെയ്തു. കല്ലായ് പുഴ കേന്ദ്രമാക്കി സിനിമകള്‍ എടുത്ത വ്യക്തി എന്ന നിലയില്‍ കല്ലായ് ഡിവിഷനില്‍ തന്നെ മല്‍സരിക്കാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷം വിനു പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.അതിനിടെയാണ് വോട്ടര്‍ പട്ടികയില്‍ വിനുവിന്റെ പേരില്ല എന്ന കാര്യം അറിയുന്നത്. വോട്ട് വെട്ടിയതാണ് എന്ന പ്രചാരണമുണ്ടായി. വിശദമായ പരിശോധനയില്‍ വോട്ടില്ലെന്ന് സ്ഥിരീകരിച്ചു. വിനു ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് വിനുവിന് പകരക്കാരനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായത്.




