top news

അഗ്‌നിപർവ്വത സ്‌ഫോടനം: പ്രവാസികളുടെ യാത്ര റദ്ദാക്കി, ടിക്കറ്റ് റീ ഫണ്ട് ചെയ്യും

ആഫ്രിക്ക: എത്യോപ്യയിലെ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് പുക പരന്നതിനെ തുടര്‍ന്ന് വിമാന യാത്ര അസാധ്യമായി. പല വിമാന കമ്പനികളും സര്‍വീസ് റദ്ദാക്കി. ചിലര്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. റദ്ദാക്കിയ വിമാനങ്ങളിലെ ടിക്കറ്റ് തുക റീ ഫണ്ട് ചെയ്യുമെന്ന് കമ്പനികള്‍ അറിയിച്ചു. ഒരാഴ്ച്ചയ്ക്കിടെ വീണ്ടും ബുക്ക് ചെയ്യാമെന്ന് ചില കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ ഉള്‍പ്പെടെ പുകശല്യമുണ്ടായിട്ടുണ്ട്. അഗ്നിപര്‍വത ചാരം ശ്വസിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ചുമ, ശ്വാസ തടസം, തൊണ്ടവേദന എന്നിവയെല്ലാം അനുഭവപ്പെട്ടേക്കാം. വിമാന സര്‍വീസുകള്‍ക്ക് കാഴ്ച വ്യക്തമാകാത്തതിനാല്‍ പ്രയാസം നേരിടും. ഈ സാഹചര്യത്തിലാണ് പല വിമാന കമ്പനികളും ചില റൂട്ടുകളില്‍ സര്‍വീസ് റദ്ദാക്കിയത്.

more news:കേരളത്തിൽ കോളിളക്കം സൃഷ്‌ടിച്ച നടിയെ ആക്രമിച്ച കേസിൻ്റെ വിധി ഡിസംബർ 8 ന്

എന്നാല്‍ എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുമില്ല. ജിദ്ദ, ദുബായ്, ഹോങ്കോങ്, കാബൂള്‍, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളിലേക്ക് ഡല്‍ഹിയില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകി സര്‍വീസ് നടത്തുകയോ റദ്ദാക്കുകയോ ചെയ്തിരിക്കുകയാണ്. ചാരം നിറഞ്ഞ മേഖലയിലൂടെ യാത്ര ചെയ്യരുത് എന്ന് ഡിജിസിഎ നിര്‍ദേശം നല്‍കി. എഞ്ചിന്‍ പരിശോധിക്കണം എന്നും റണ്‍വെ നിരീക്ഷിക്കണം എന്നും നിര്‍ദേശമുണ്ട്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മറ്റൊരു തിയ്യതിയില്‍ വീണ്ടും ബുക്ക് ചെയ്യാം. അല്ലെങ്കില്‍ റീഫണ്ട് ലഭിക്കാന്‍ അപേക്ഷിക്കാം എന്ന് എയര്‍ അറേബ്യ അറിയിച്ചു. വിമാന യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ ഏറ്റവും ഒടുവിലുള്ള സാഹചര്യം അന്വേഷിച്ച് മാത്രം പുറപ്പെടണം. ഇന്ത്യ-ഗള്‍ഫ് മേഖലയിലെ സര്‍വീസ് സുരക്ഷിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ആകാശ എയര്‍ വിമാനങ്ങള്‍ റദ്ദാക്കിയത്.

more news:കളക്ടറേറ്റിന് മുന്നിൽ തെരുവ് നായ്ക്കൂട്ടം അക്രമിച്ചു: സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്ന് ആകാശ എയര്‍ അറിയിച്ചു. അല്ലെങ്കില്‍ ഏഴ് ദിവസത്തിനകം വീണ്ടും ബുക്ക് ചെയ്യാനുള്ള അവസരം ഒരുക്കുമെന്നും കമ്പനി വ്യക്തമാക്കി. ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ചില അന്താരാഷ്ട്ര സര്‍വീസുകളും ഒഴിവാക്കി. ചെന്നൈ-മുംബൈ, ഹൈദരാബാദ്-ഡല്‍ഹി, മുംബൈ-കൊല്‍ക്കത്ത എന്നീ റൂട്ടുകളിലെ ആഭ്യന്തര സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. പ്രവാസികള്‍ ഉള്‍പ്പെടെ യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ വിമാന കമ്പനി ഓഫീസുമായോ ട്രാവല്‍ ഏജന്റുമാരുമായോ ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരങ്ങള്‍ തിരക്കണം. വിമാനത്താവളത്തില്‍ എത്തിയ ശേഷം മടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണിത്. വൈകാതെ എല്ലാ സര്‍വീസും പുനസ്ഥാപിക്കുമെന്നാണ് സൂചനകള്‍. വിസാ കാലാവധി തീരുന്ന പ്രവാസികള്‍ പരിഹാര മാര്‍ഗങ്ങളും ഉറപ്പാക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close