
കോഴിക്കോട് : കുറ്റിച്ചിറ കുളത്തിൽ യാതൊരു സുരക്ഷാ മുന്നറിയിപ്പും സ്ഥാപിക്കാത്തതു കാരണം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചതായി പരാതിയുയർന്ന സാഹചര്യത്തിൽ കോഴിക്കോട് നഗരസഭാ സെക്രട്ടറി വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകി.
15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ആഗസ്റ്റിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
മഴക്കാലമായതിനാൽ കുളത്തിൽ മൂന്നാൾപൊക്കത്തിൽ വെള്ളമുണ്ട്. കുളിക്കാനും നീന്തൽ പരിശീലനത്തിനുമായി ആളുകൾ എത്തുന്ന ഇവിടെ സുരക്ഷാ ഉപകരണങ്ങളോ മുന്നറിയിപ്പ് ബോർഡോ ഇല്ല. വെള്ളത്തിൽ വീണാൽ രക്ഷപ്പെടുത്താനാവശ്യമായ ഉപകരണങ്ങൾ മുമ്പുണ്ടായിരുന്നെങ്കിലും നഷ്ടമായതായി മനസിലാക്കുന്നു.
കുളം നവീകരിച്ചതോടെ നിരവധിയാളുകൾ ഇവിടെയെത്തുന്നുണ്ട്. കുളത്തിന്റെ സ്വഭാവം മനസിലാക്കാത്തവർ കുളത്തിലിറങ്ങുന്നത് പതിവാണ്. ലൈറ്റുകൾ കേടായി കത്താത്ത നിലയിലാണ്. ഇക്കഴിഞ്ഞ ദിവസം ടി. ടി. യഹിയ എന്ന വിദ്യാർത്ഥിയാണ് ഇവിടെ മുങ്ങി മരിച്ചത്. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.




