തിരുവമ്പാടി:
ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ വിവാദത്തിലാക്കാനുള്ള നീക്കം തികച്ചും ദുരുദ്ദേശപരമാണെന്ന് കോൺഗ്രസ് വ്യക്തമാക്കി.
താമരശ്ശേരി ചുരം റോഡിന് ബദലായി ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി റോഡ് യാഥാർത്യമാക്കണമെന്നത് കോൺഗ്രസ് പാർട്ടിയുടെ പ്രഖ്യാപിത നിലപാടാണ്. ഒരു മരം പോലും മുറിച്ച് നീക്കാതെ തുരങ്കപാത എന്ന ആശയം മുന്നോട്ട് വെച്ചതും കോൺഗ്രസും യുഡിഎഫുമാണ്. ഈ പദ്ധതിക്കു വേണ്ടി ആദ്യമായി ബഡ്ജറ്റിൽ തുക വകയിരുത്തിയതും യുഡിഎഫ് സർക്കാരാണ്. വിവാദമല്ല തുരങ്കപാത യാഥർത്യമാക്കലാണ് ആവശ്യം.
പരിസ്ഥിതി ആഘാതപഠനം പൂർത്തിയാക്കി കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും വാങ്ങി എത്രയും വേഗം ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത യാഥർത്യമാക്കണമെന്നാണ് തന്റെ നിലപാട് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി.
കെപിസിസി വർക്കിങ് പ്രസിഡന്റ് അഡ്വ:ടി.സിദ്ധീഖ് എംഎൽഎ യോട്പ്പം ഡി.സി.സി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് എന്നിവർ നടത്തിയ ചർച്ചയിലാണ് തുരങ്കപാത പദ്ധതി പൂർത്തിയാക്കണമെന്ന് തന്നെയാണ് തന്റെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് അസന്നിഗ്ദമായി വ്യക്തമാക്കിയത്.
ഔപചാരികമായി പദ്ധതിയുടെ ലോഞ്ചിങ്ങ് പ്രഖ്യാപനം നടത്തിയതിനു ശേഷം ഓരോ ഒഴിവ്കഴിവ് പറഞ്ഞ് തുരങ്കപാത പദ്ധതിയിൽ നിന്നും പുറകോട്ട് പേകാനാണ് ഇടതുപക്ഷ സർക്കാരിന്റെ നീക്കം എങ്കിൽ കോൺഗ്രസ് പാർട്ടി വമ്പിച്ച ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.