കോഴിക്കോട് :
തൊണ്ടയാട് മേൽപ്പാലത്തിന് താഴെ
മാലിന്യകൂമ്പാരം : അടിയന്തര നടപടിക്ക്
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
കോഴിക്കോട്: തൊണ്ടയാട് ബൈപാസ് മേൽപ്പാലത്തിനു താഴെ മാലിന്യം കുന്നുകൂടുന്നുവെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു ദേശീയ പാതാ അതോറിറ്റിക്ക് നോട്ടീസയച്ചു.
ദേശീയ പാതാ അതോറിറ്റിയുടെ കോഴിക്കോട് ജില്ലാ മേധാവി അടിയന്തിര നടപടികൾ സ്വീകരിച്ച് പരാതി പരിഹരിച്ച ശേഷം നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഇടക്കാല ഉത്തരവിൽ പറഞ്ഞു.
പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
മേൽപ്പാലത്തിന് താഴെത്തെ നിലയിലാണ് മാലിന്യം കുന്നുകൂടുന്നത്. ദേശീയ പാതാ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ളതാണ് മേൽപ്പാലം. കഴിഞ്ഞ ഒരു വർഷമായി ഇവിടെ ആരും തിരിഞ്ഞുനോക്കാറില്ലെന്ന് പരാതിയുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്കുലോറികൾ ഇവിടെ അനധികൃതമായി പാർക്ക് ചെയ്യാറുണ്ട്. ഇവർ ഭക്ഷണം പാകം ചെയ്ത ശേഷം മാലിന്യം ഇവിടെ ഉപേക്ഷിക്കും. മലാപ്പറമ്പ് മുതൽ തൊണ്ടയാട് വരെ മാലിന്യം നീക്കം ചെയ്യേണ്ട സാഹചര്യമാണ് ശുചീകരണ തൊഴിലാളികൾക്കുള്ളത്. മേൽപ്പാലത്തിന് താഴെയുള്ള സ്ഥലം പാർക്കിംഗിന് ഉപയോഗപ്പെടുത്താവുന്നതാണെന്നും അഭിപ്രായമുണ്ട്.
അടുത്ത മാസം കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.