കോഴിക്കോട് : പാചക വാതകത്തിന് വിലവർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്ന് കോർപ്പറേഷൻ കൗൺസിൽ യോഗം അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബി.ജെ.പി അംഗങ്ങളുടെ എതിർപ്പിനിടെയാണ് പ്രമേയം പാസാക്കിയത്. യു.ഡി.എഫ് അനുകൂലിച്ചു.
കൊവിഡ് കാലത്തെ വില വർദ്ധനവ് ജനങ്ങളെ ദ്രേഹിക്കുന്ന നടപടിയാണെന്ന് പ്രമേയം അവതരിപ്പിച്ച എൽ.ഡി.എഫ് അംഗം എം.സി. അനിൽകുമാർ പറഞ്ഞു. ജനങ്ങൾക്ക് ഇത് അധിക പ്രഹരമാമെന്ന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത പറഞ്ഞു. മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന വിഷയമാണിതെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു.
എന്നാൽ അനാവശ്യമായി കേന്ദ്രസർക്കാറിനെ കുറ്റം പറയുകയാണെന്ന് ബി.ജെ.പി പ്രതിനിധികൾ ആരോപിച്ചു. നികുതി പിരിക്കുന്നത് രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്കാണെന്നും ഇന്ധനനികുതി ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാറും തയ്യാറാകുന്നില്ലെന്നും ബി.ജെ.പി കൗൺസിൽപാർട്ടി ലീഡർ ടി. രനീഷ് പറഞ്ഞു.
അതേസമയം കൊവിഡ് ബാധിച്ച് മരിച്ച എല്ലാവരെയും കൊവിഡ് മരണക്കണക്കിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടണമെന്ന മുസ്ലിംലീഗ് കൗൺസിൽ പാർട്ടി ലീഡർ കെ. മൊയ്തീൻകോയയുടെ അടിയന്തര പ്രമേയത്തിന് മേയർ ബീന ഫിലിപ്പ് അനുമതി നിഷേധിച്ചു. അടിയന്തര പ്രാധാന്യമില്ലെന്നും സർക്കാർ നടപടി സ്വീകരിച്ചെന്നും മേയർ പറഞ്ഞു. കൊവിഡ് മരണ പട്ടികയിൽ നിന്ന് പുറത്തുപോയവരുടെ കുടുംബങ്ങൾക്കും കൊവിഡ് ബാധിച്ച് വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നിഷേധിക്കപ്പെടരുതെന്ന് മൊയ്തീൻ കോയ ആവശ്യപ്പെട്ടു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ നഗരത്തിൽ കുന്നുകൂടുന്നുണ്ടെന്ന് എസ്.കെ. അബൂബക്കർ ശ്രദ്ധക്ഷണിച്ചു. നടപടി സ്വീകരക്കുന്നുണ്ടെന്ന് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എസ്.ജയശ്രീ അറിയിച്ചു. എല്ലാ കൗൺസിലർ മാരും വാർഡുകളിൽ മാലിന്യം ശേഖരിക്കാനുള്ള ഇടം കണ്ടെത്തണമെന്ന് അവർ ആവശ്യപ്പെട്ടു.
മഞ്ചക്കൽ തോട് നവീകരിക്കുന്നതുമായി ബന്ധപ്പട്ട് നടക്കുന്ന പ്രവർത്തിയിൽ നിന്ന് യു.ഡി.എഫ് കൗൺസിലർമാരുടെ വാർഡുകളെ ഒഴിവാക്കിയെന്ന് 30ാം വാർഡ് കൗൺസിലർ കവിത അരുൺ ശ്രദ്ധക്ഷണിച്ചു. എന്നാൽ വിവേചനം ഉണ്ടായിട്ടില്ലെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.സി. രാജൻ പറഞ്ഞു. അതേസമയം 30ാം വാർഡിലലെ മുൻ കൗൺസിലർ എം.സി. അനിൽകുമാറും കവിത അരുണും വാക്ക് തർക്കത്തിലായി.
സംസ്ഥാനത്തും പുറത്തും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വാക്സിൻ ലഭ്യമാക്കണമെന്ന് വി.പി. മനോജ് ശ്രദ്ധക്ഷണിച്ചു. വാക്സിൻ രണ്ടാം ഡോസ് നൽകുന്നതിന് ക്യാമ്പ് സംഘടിപ്പിക്കണമെന്ന് ടി.കെ. ചന്ദ്രൻ ആവശ്യപ്പെട്ടു. വാക്സിൻ വിതരണത്തിൽ സർക്കാർ ഉത്തരവനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂവെന്ന് ഹെൽത്ത് ഓഫീസർ ആർ.എസ്. ഗോപകുമാർ വിശദീകരിച്ചു. ലൈഫ് പദ്ധതിയിൽ ഭൂരഹിത ഭവനരഹിതർക്ക് വീടുകൾ നൽകുന്നതിന് നടപടി ഉണ്ടായിട്ടില്ലെന്ന് കെ.സി. ശോഭിത പറഞ്ഞു. നടപടി തുടരുന്നുണ്ടെന്നും ബേപ്പൂരിലെ രണ്ടേക്കർ ഉൾപ്പെടെയുള്ള സ്ഥലം ഇതിനായി കണ്ടെത്തിയതായി പി.സി. രാജൻ അറിയിച്ചു. മലാപ്പറമ്പിലെ ടെലിഫോൺ വകുപ്പിന്റെ സ്ഥലം കാട് പിടിച്ചു കിടക്കുന്നത് കൗൺസിലർ സരിത പറയേരി ശ്രദ്ധക്ഷണിച്ചു. നോട്ടീസ് നൽകിയതായി സെക്രട്ടറി കെ.യു.ബിനി അറിയിച്ചു.കാട് വെട്ടിത്തെളിച്ച് ചിലവ് ടെലികോമിൽനിന്ന് ഈടാക്കും..
പി.എം.ജെ.വി.കെയുടെ ജില്ല തല കമ്മറ്റിയിലേക്ക് ന്യൂനപക്ഷ പ്രതിനിധികളെ നിർദ്ദേശിച്ചു. മൂഴിക്കൽ കൗൺസിലർ എം.പി. ഹമീദ്, ആഴ്ചവട്ടം കൗൺസിലർ എൻ.സി. മോയിൻ കുട്ടി എന്നിവരെയാണ് തിരഞ്ഞെടുത്തത്. ന്യൂനപക്ഷ കമ്മിറ്റിയിലേക്ക് ഒരു ക്രിസ്ത്യൻ സമുദായ അംഗത്തെ പരിഗണിക്കണമെന്ന് മുസ്ലിം ലീഗിലെ കെ. മൊയ്തീൻകോയ ആവശ്യപ്പട്ടു. ഇക്കാര്യത്തിൽ യു.ഡി.എഫ് വിയോജന കുറിപ്പ് നൽകി. ഒരേസമുദായത്തിൽ പെട്ട ആളുകളെ മാത്രം ഉൾപ്പെടുത്തിയതിനെതിരെ ബി.ജെ.പിയും രംഗത്ത് വന്നു.
സത്രീധനത്തിനെതിരെ കൗൺസിൽ പ്രമേയത്തിലൂടെ പ്രതിഷേധിച്ചു. എസ്. ജയശ്രീ അവതരിപ്പിച്ച പ്രമേയത്തെ മുഴുവൻ കൗൺസിലർമാരും അനുകൂലിച്ചു.