പൂഴിത്തോട്: പൂഴിത്തോട്ടിൽ റേഷൻ കടയ്ക്ക് സമീപമുള്ള പുഴയുടെ ഭിത്തി കനത്ത മഴയിൽ തകർന്ന് വീണതിനെ തുടർന്ന് സമീപത്തെ വീട് അപകട ഭീഷണിയിൽ. മൈലേപ്പറമ്പിൽ ബാബുവിന്റെ വീടാണ് പത്ത് മീറ്ററിലധികം പുഴയോര ഭിത്തി തകർന്നതിനെ തുടർന്ന് ഭീഷണിയിലായത്.
ആറ് വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഭിത്തി കെട്ടിയത്. ദുർബലമായ നിർമ്മാണം ഭാവിയിൽ ഭീഷണി ഉയർത്തുമെന്ന് നിർമ്മാണ സമയത്ത് തന്നെ പ്രദേശവാസികൾ പരാതി പറഞ്ഞിരുന്നു. അത് അവഗണിച്ചായിരുന്നു നിർമ്മാണം നടത്തിയത്. ഇപ്പോൾ ഭിത്തിയുടെ അടിഭാഗം മുഴുവനായി പുഴയിലേക്ക് തള്ളി നിൽക്കുകയാണ്.
നിലവിൽ ഭിത്തിയിടിഞ്ഞ ഭാഗത്ത് നിന്നും 5 മീറ്റർ ദൂരത്തിലാണ് മൈലേപ്പറമ്പിൽ ബാബുവിന്റെ വീട് സ്ഥിതി ചെയ്യുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ വീടിന് അത് പൂർണ്ണമായും അപകടം സൃഷ്ട്ടിക്കും.
പഞ്ചായത്ത് ഈ കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്ന് സ്ഥലം സന്ദർശിച്ച യൂത്ത് കോൺഗ്രസ് ചക്കിട്ടപ്പാറ മണ്ഡലം പ്രസിഡന്റ് റിച്ചാൾഡ് ജോൺ ആവശ്യപ്പെട്ടു