തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ സൂക്ഷിച്ച 1.75 ലക്ഷം ലിറ്റര്‍ സ്പിരിറ്റില്‍ പൊടിപടലങ്ങള്‍ കണ്ടെത്തി. ഇത്രയും സ്പിരിറ്റ് വീണ്ടും അരിച്ചെടുക്കാന്‍ എക്‌സൈസ് നിര്‍ദേശം നല്‍കി. ഇതോടെ, ജവാന്‍ മദ്യനിര്‍മാണം വീണ്ടും പ്രതിസന്ധിയിലായി. സ്പിരിറ്റ് തിരിമറിയെ തുടര്‍ന്ന് ഇവിടെ ജവാന്‍ മദ്യ നിര്‍മാണം നിര്‍ത്തി വെച്ചിരുന്നു.
മദ്യം കുപ്പികളില്‍ നിറയ്ക്കുന്നതിന് മുന്നോടിയായി നടത്തിയ കെമിക്കല്‍ പരിശോധനയിലാണ് പൊടിപടലങ്ങള്‍ കണ്ടെത്തിയത്. ഇത് മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലെന്ന് പരിശോധന ഫലം വന്നു.
ഇതോടെ, ടാങ്കുകളില്‍ സൂക്ഷിച്ചിട്ടുള്ള ബ്ലെന്‍ഡ് ചെയ്ത സ്പിരിറ്റ് വീണ്ടും അരിച്ചെടുത്ത് പരിശോധനക്ക് അയക്കണം. അതിന് ശേഷം മാത്രമേ പുതിയ മദ്യം ഉത്പാദിപ്പിക്കാന്‍ എക്‌സൈസ് അനുമതി നല്‍കുകയുള്ളൂ.