കോഴിക്കോട്: കേരളത്തിലാദ്യമായി സ്വകാര്യ മേഖലയില്‍ ഒരു ലക്ഷം പേര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പൂര്‍ത്തിയാക്കി. ഇന്ത്യയില്‍ തന്നെ അപൂര്‍വ്വമായ നേട്ടമാണിത്. 2021 ജനുവരി മാസത്തില്‍ ആരംഭിച്ച തീവ്രയജ്ഞത്തിന്റെ ഭാഗമായാണ് നിര്‍ണ്ണായകമായ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. ഞായറാഴ്ചകള്‍ ഉള്‍പ്പെടെ രാവിലെ 9 മണിമുതല്‍ രാത്രി 11 മണിവരെ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വാക്‌സിന്‍ സേവനം ലഭ്യമാക്കിയിരുന്നു.
നിലവില്‍ പൂര്‍ത്തീകരിക്കേണ്ട ലക്ഷ്യത്തിന്റെ വളരെ ചെറിയ അംശം മാത്രമാണിതെന്ന് ആസ്റ്റര്‍ മിംസ് കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. സുരേഷ്‌കുമാര്‍ ഇ. കെ. യും നോര്‍ത്ത് കേരള ക്ലസ്റ്റര്‍ സി ഇ ഒ ഫര്‍ഹാന്‍ യാസിനും പറഞ്ഞു. കോഴിക്കോടിന് പുറമെ കണ്ണൂര്‍, കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലുകള്‍ കൂടി പരിഗണിക്കുമ്പോള്‍ വാക്‌സിനേഷന്‍ രണ്ടര ലക്ഷം കവിഞ്ഞു എന്നും ശ്രീ. ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക് എന്നീ വാക്‌സിനുകളാണ് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലുകളില്‍ നിന്ന് നല്‍കിയത്.