KERALAlocaltop news

സോഷ്യൽമീഡിയ വ്യാജൻമാരെ സൂക്ഷിക്കുക; കേരള പോലീസ്

കോഴിക്കോട്:   നവ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണെന്നും വ്യാജന്മാരെ സൂക്ഷിക്കണമെന്നും കേരളപോലീസ് മുന്നറിയിപ്പ്.     ഒരു തമാശക്ക് തുടങ്ങുന്ന വ്യാജ പ്രൊഫൈലുകൾ മുതൽ സ്വന്തം പ്രൊഫൈലിൽ നിന്ന് പലയിടത്തും കമന്റ് ഇടാൻ മടിച്ച് അതിനു വേണ്ടി ഉണ്ടാക്കുന്ന വ്യാജ പ്രൊഫൈലുകൾ മാത്രമല്ല തട്ടിപ്പിനും സ്ത്രീപീഢനത്തിനും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനും വ്യാജ അക്കൗണ്ടുകൾ ഉപയോഗിക്കപ്പെടുന്നുണ്ട്.

വിദ്യാർഥികളുടെ ഫെയ്സ്ബുക്, വാട്സാപ് അക്കൗണ്ടുകളും ചാറ്റുകളും പതിവായി രക്ഷിതാക്കൾ നിരീക്ഷിച്ച് അവർക്ക് വേണ്ട നിർദേശങ്ങൾ നൽകേണ്ടത് അത്യാവശ്യമാണ്. ഫ്രണ്ട് റിക്വസ്റ്റുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ കുരുക്കിലാകും നിങ്ങളുടെ ജീവിതം.

പരിചയമില്ലാത്ത പ്രൊഫൈലുകളിൽ നിന്നും വരുന്ന ചാറ്റ് റിക്വസ്റ്റുകൾക്ക് തമാശയ്ക്ക് പോലും മറുപടി നൽകരുത്. ഒരുപക്ഷെ നമ്മെക്കുറിച്ച് കൃത്യമായി അറിഞ്ഞിട്ടാകാം വ്യാജ ഐഡി വഴി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നത്.

വ്യാജ പ്രൊഫൈൽ തിരിച്ചറിയേണ്ട വഴികൾ.

1. പ്രൊഫൈൽ ചിത്രം ആൽബത്തിൽ ആകെ ഒരു പ്രൊഫൈൽ ഫോട്ടോ മാത്രം ഉള്ളൂവെങ്കിൽ വ്യാജനായിരിക്കാനുള്ള ചാൻസുണ്ട്. പ്രൊഫൈൽ ചിത്രം സിനിമാ നടിയുടേതോ നടന്റേതോ ആണെങ്കിൽ ഫേക്കിന് സാധ്യത കൂടുതലാണ്. പ്രൊഫൈൽ ഇമേജ് ആൽബത്തിൽ സെലിബ്രിറ്റികളുടെ ചിത്രങ്ങൾ ആയിരിക്കും കൂടുതൽ. .

2. ടൈം ലൈനും, സ്റ്റാറ്റസ് അപ്ഡേറ്റും പരിശോധിക്കുക. വളരെ കാലമായി ഒരു സ്റ്റാറ്റസും അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ വ്യാജനാകാം.

3. പോസ്റ്റ് ഇടാതിരിക്കുക, മറ്റുള്ളവരുടെ പോസ്റ്റിനു കമന്റ് ചെയ്യാതിരിക്കുക. ഇതൊക്കെ ഫെയ്ക്കിന്റെ ലക്ഷണങ്ങളാണ്. കൂടുതൽ വ്യാജന്മാരും ഒരിക്കൽ പോലും ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് നടത്താത്തവരാണ്

4. അടുത്തകാലത്തെ ആക്റ്റിവിറ്റികൾ നോക്കുക. ഒരു പേജും ലൈക് ചെയ്യാതെ, ഒരു ഗ്രൂപ്പിലും ജോയിൻ ചെയ്യാതെ വെറുതെ ഫ്രണ്ട്സിന്റെ എണ്ണം മാത്രം വർധിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്ന പ്രൊഫൈലുകൾ വ്യാജനായിരിക്കാം.

5. ഫ്രണ്ട്സ് ലിസ്റ്റ് പരിശോധിക്കുക. ഒരു സ്ത്രീയുടെ അക്കൗണ്ടിൽ ഭൂരിപക്ഷവും പുരുഷന്മാർ, അല്ലെങ്കിൽ പുരുഷ അക്കൗണ്ടിൽ ഭൂരിപക്ഷവും സ്ത്രീകൾ ആയിരിക്കുന്നത് വ്യാജന്റെ ലക്ഷണമാണ്.

6. ഒരു സ്ത്രീയുടെ പ്രൊഫൈലിൽ 4000 ൽ കൂടുതൽ ഫ്രണ്ട്സും ഫോളോവേഴ്സും ഉണ്ടെങ്കിൽ ഫെയ്ക്കിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിദഗ്ധർ പറയുന്നത്.

7. ജനനതീയതി, ജോലി ചെയ്യുന്ന സ്ഥലം, പഠിച്ചത് എവിടെ തുടങ്ങി കാര്യങ്ങളിൽ ഗൗരവമല്ലാത്ത രീതിയിൽ മറുപടി കൊടുത്തിരിക്കുന്ന പ്രൊഫൈൽ ആണെങ്കിൽ വ്യാജൻ ആയിരിക്കും.

8. സാധാരണയായി ഭൂരിഭാഗം പെൺകുട്ടികളും ഫോൺ നമ്പർ ചേർക്കാറില്ല, പ്രൊഫൈലിൽ പരസ്യമായി ഇടാറില്ല. പെൺകുട്ടികളുടെ പേരും ചിത്രവും അടങ്ങിയ പ്രൊഫൈലിൽ ഫോൺ നമ്പർ പരസ്യമായി കൊടുത്തിട്ടുണ്ടെങ്കിൽ അതൊരു വ്യാജൻ ആകാനാണ് സാധ്യത.

9. പ്രൊഫൈൽ ചിത്രങ്ങള്‍ ഉപയോഗിച്ച് ഗൂഗിൾ ഇമേജ് സേർച്ച് നടത്തിയാൽ ആ ഫോട്ടോയുടെ ഉറവിടം കണ്ടെത്താനും സാധിക്കും.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close