വൈത്തിരി : വയനാട് പഴയ വൈത്തിരിയിൽ ചായ കുടിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാനെത്തിയ കൊവിഡ് സെക്ടറൽ മജിസ്ട്രേട്ട് , നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ പത്തിമടക്കി പിൻവാങ്ങി. ജനങ്ങൾ സംഘടിച്ച് വാഹനം തടഞ്ഞതോടെയാണ് മജിസ്ട്രേട്ട് പിഴ ഈടാക്കാതെ പിൻവാങ്ങിയത്.
ആത്മഹത്യയുടെ വക്കിലാണ് ഞങ്ങള്‍… ഇനിയും പിഴയടയ്ക്കാന്‍ നിര്‍വ്വാഹമില്ലെന്ന് പറഞ്ഞ് വയനാട് പഴയ വൈത്തിരിയില്‍ പൊതുജനം കോവിഡ് പ്രോട്ടോക്കോള്‍ ഓഫീസര്‍മാരെ തടഞ്ഞു വയ്ക്കുകയായിരുന്നു.
പഴയ വൈത്തിരിയിലെ കോഫി ഷോപ്പില്‍ നാട്ടുകാര്‍ ചായ കുടിച്ചുകൊണ്ടിരിക്കെ നാട്ടുകാര്‍ക്കും ചായക്കട ഉടമയ്ക്കും എതിരെ പിഴ ഒടുക്കാന്‍ ശ്രമിക്കുന്നതിനിടെ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
വയനാട്ടിലെ വൻകിട റിസോര്‍ട്ടുകളില്‍ അമ്ബതോളം ആളുകള്‍ വരെ ഭക്ഷണം കഴിക്കാനും വിനോദ സഞ്ചാരത്തിനും എത്തുന്നത് തടയാന്‍ ശ്രമിക്കാതെ പാവപ്പെട്ട ചായക്കടക്കാരനെതിരെ മെക്കിട്ടുകയറാനാണ് സ്ക്വാഡ് ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് ജനം ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞത്. പിഴ എഴുതിയ രസീത് ഉദ്യോഗസ്ഥരെ കൊണ്ട് കീറി കളയിച്ച ശേഷമാണ് നാട്ടുകാര്‍ ഉദ്യോഗസ്ഥരെ പോകാന്‍ അനുവദിച്ചത്. ജീവിക്കാന്‍ നിര്‍വ്വാഹമില്ലാതെ ആത്മഹത്യയുടെ വക്കിലാണെന്ന് പറഞ്ഞായിരുന്നു പൊതുജനത്തിന്‍റെ പ്രതിഷേധം. നാട്ടുകാര്‍ ഒത്തുകൂടിയതോടെ ഉദ്യോഗസ്ഥര്‍ വെട്ടിലായി. ഒടുവില്‍ പിഴ വാങ്ങാന്‍ നില്‍ക്കാതെ ഇവര്‍ക്ക് പിന്‍വാങ്ങേണ്ടി വന്നു.