തിരുവനന്തപുരം: രാജ്യത്തിനാകെ അഭിമാനവും പ്രചോദനമാവുമാകുന്ന ചരിത്രനേട്ടമാണ് നീരജ് ചോപ്ര കുറിച്ചതെന്ന് കായിക മന്ത്രി വി അബ്ദു റഹിമാൻ പറഞ്ഞു. ഹൃദയം നിറഞ്ഞ അഭിനന്ദനം.
യൂറോപ്യൻ രാജ്യങ്ങൾ ആധിപത്യം പുലർത്തുന്ന ജാവലിനിൽ മെഡൽ നേടാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. ഒരു രാജ്യത്തിന്റെ അത്ലറ്റിക്സിലെ ആദ്യ മെഡലാകുമ്പോൾ നീരജിന്റെ നേട്ടത്തിന്റെ മൂല്യം അളവറ്റതാണ്. നമ്മുടെ അത്ലറ്റുകൾക്ക് വലിയ പ്രചോദനമാണ് ഈ വിജയം.
ജക്കാർത്ത ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും നീരജ് സ്വർണം നേടിയിട്ടുണ്ട്. ഈ ഒളിമ്പിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു നീരജ്. അദ്ദേഹത്തിന് ആ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവെക്കാൻ സാധിച്ചു.
വളരെ ചെറുപ്പമായ നീരജിന് ഈ മികവ് തുടരാൻ കഴിയട്ടെ എന്നാശംസിക്കുന്നതായി മന്ത്രി വി അബ്ദു റഹിമാൻ പറഞ്ഞു.