കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിയായ പ്രായപൂർത്തിയാകാത്ത കൂട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി കല്ലായ് , കപ്പക്കൽ , മുണ്ടിപ്പറമ്പ് മുഹമ്മദ് ഹർഷാദിന് ( 29 ) അവശേഷിക്കുന്ന ജീവിതകാലമത്രയും കഠിനതടവ് ശിക്ഷ. വെള്ളയിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോഴിക്കോട് അഡീഷനൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജ് സി.ആർ. ദിനേശാണ് ഇന്ന് ശിക്ഷവിധിച്ചത്. സ്ക്കൂൾ വിദ്യാത്ഥിനിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ സമാനമായ കേസ് കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലും നിലവിലുണ്ട്. സ്കൂളുകൾക്ക് മുന്നിലൂടെ തന്റെ മോട്ടോർ ബൈക്കിൽ കറങ്ങിയാണ് പെൺകുട്ടികളെ വലയിലാക്കിയിരുന്നത്. 2020 മെയ് ഒന്നിന് ലഭിച്ച പരാതിയിൽ ഡി എൻ എ പരിശോധനാ ഫലം അടക്കം കുറ്റമറ്റ കുറ്റപത്രം 45 ദിവസത്തിനകം പോലീസ് കോടതിയിൽ സമർപ്പിച്ചതിനാൽ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. വിചാരണ നടപടികൾ വേഗത്തിലാക്കിയ കോടതി, കോവിഡുമായി ബന്ധപ്പെട്ട തടസങ്ങൾക്കിടയിലും 2021 മാർച്ചിൽ വിചാരണ ആരംഭിച്ച് ഇന്ന് വിധിപറയുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് രണ്ടാം ദിവസം അറസ്റ്റിലായ പ്രതിക്ക് വിവിധ വകുപ്പുകളിലായി 27 വർഷം കഠിനതടവ് കൂടാതെയാണ് അവശേഷിക്കുന്ന ജീവിത കാലം മുഴുവൻ കഠിന തടവും 160000 രൂപ പിഴയും ശിക്ഷ വിധിച്ചത്. വെള്ളയിൽ പോലീസ് ഇൻസ്പെക്ടറും പ്രമുഖ കുറ്റാന്വേഷണ വിദഗ്ദനുമായ ജി. ഗോപകുമാറാണ് കേസിൽ അന്വേഷണം നടത്തി പഴുതുകളില്ലാത്തവിധം കുറ്റപത്രം സമർപ്പിച്ചത്. കണ്ണൂർ ഫോറൻസിക് ഡി എൻ എ വിഭാഗം അസി. ഡയരക്ടർ അജേഷ് തെക്കടവനാണ് 10 ദിവസം കൊണ്ട് ഡി എൻ എ പരിശോധന നടത്തി റിപ്പോർട്ട് കൈമാറിയത്. കേസിൽ ഇരയായ പെൺകുട്ടിയടക്കം 52 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സുനിൽകുമാർ ഹാജരായി.
Related Articles
October 14, 2022
204
ക്വട്ടേഷൻ വാങ്ങി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻശ്രമിച്ച കേസ്:മുഖ്യപ്രതി പിടിയിൽ
July 20, 2020
227