കോഴിക്കോട്: ഭരണപക്ഷ അംഗത്തിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് നഗരസഭാ കൗൺസിൽ യോഗത്തിൽ ബഹളവും യു.ഡി.എഫിന്റെ ഇറങ്ങിപ്പോക്കും. യു.ഡി.എഫിന്റെ കെ. നിർമലക്കെതിരെ സി.പി.എം കൗൺസിലർ ടി. മുരളീധരൻ അനാവശ്യ ആരോപണമുന്നയിച്ചെന്ന് പരാതിപ്പെട്ടാണ് യു.ഡി.എഫ് അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയത്. സമഗ്ര ശിക്ഷ കേരളയുടെ സൗത്ത് തിരുവണ്ണൂർ യു.ആർ.സിയുടെ കെട്ടിടം സൗത്ത് കണ്ണഞ്ചേരി ജി.എൽ.പി സ്കൂളിലെ എഡ്യുകെയർ കെട്ടിടത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട അജണ്ടക്കിടെയാണ് ഭരണപക്ഷ കൗൺസിലറുടെ പരാമർശം ഉണ്ടായത്. പന്നിയങ്കരയിലെ കൗൺസിലറായ നിർമലയുടെ അറിവോടെ ഈ കെട്ടിടത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചെന്നും നിർമല കോവിഡ് വാക്സിൻ മറിച്ചുവിറ്റെന്നും മുരളീധരൻ ആരോപിച്ചു . ഈ കെട്ടിടം പണിക്കാർക്കായി തുറന്നുകൊടുത്തതാണെന്നായിരുന്നു നിർമലയുടെ മറുപടി. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി അധ്യക്ഷ സി. രേഖയും മുരളീധരനെ പിന്തുണച്ചതും യൂ.ഡി.എഫിനെ പ്രകോപിപ്പിച്ചു. തുടർന്നാണ് ബി.ജെ.പി ഒഴികെയുള്ള പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയത്.
മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് വേങ്ങേരി ‘നിറവി’നെതിരെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ വീണ്ടും പരാതി ഉന്നയിച്ചു.. കോൺഗ്രസ് പാർലമെൻററി പാർട്ടി ലീഡർ കെ.സി ശോഭിതയാണ് രൂക്ഷമായ പരാമർശത്തോടെ ആരോപണമുയർത്തിയത്. ഞെളിയൻപറമ്പിലെ മാലിന്യസംസ്കരണ കേന്ദ്രത്തിൽ നിന്ന് അജൈവ മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിച്ച് നീക്കം ചെയ്യാൻ വകയിൽ 1.12 കോടി രുപ നിറവിന് നൽകാനുള്ളതായി യോഗത്തിൽവെച്ച അജണ്ടയിലുണ്ടായിരുന്നു. മാലിന്യപ്രശ്നം രൂക്ഷമായതിനാൽ അടിയന്തരമായി 15 ലക്ഷം രൂപ അനവദിക്കുന്നതുമായി ബന്ധപ്പെട്ട അജണ്ടയാണ് പ്രതിപക്ഷ എതിർപ്പിനിടയാക്കിയത്. ചെറുവണ്ണൂരിൽ നിറവിന്റെ സംഭരണസ്ഥലത്ത് കത്തിയ മാലിന്യങ്ങൾ ഇപ്പോഴും മാറ്റിയിട്ടില്ലെന്നും നിറവിനെ കരിമ്പട്ടികയിൽപ്പെടുത്തണമെന്നും ശോഭിത ആവശ്യപ്പെട്ടു. മുൻ കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് ഫയലിൽ വിയോജിപ്പ് രേഖപ്പെടുത്തിയതും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇക്കാര്യം നിലവിലെ സെക്രട്ടറി കെ.യു ബിനി സമ്മതിച്ചു. നിറവ് മാതൃകാസ്ഥാപനമാണെന്നും നൂറുശതമാനം കുറ്റമറ്റതാണെന്ന് പറയാനാകില്ലെന്നും ഡെപ്യൂട്ടി മേയർ സി.പി മുസഫർ അഹമ്മദ് പറഞ്ഞു. മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ ചീഞ്ഞ് നാറുമെന്ന് ആരോഗ്യ സ്റ്റാൻറിങ് കമ്മറ്റി അധ്യക്ഷ ഡോ. എസ് ജയശ്രീ പറഞ്ഞു.
പഴയ കോർപറേഷന്റെ ഭാഗമായിരുന്ന 17 വാർഡുകളിൽ നടപ്പാക്കിയ വിശദ നഗരാസൂത്രണ പദ്ധതി ( ഡീറ്റേയ്ൽഡ് ടൗൺ പ്ലാനിങ് സ്കീം) 40 വർഷമായി നിർജീവാവസ്ഥയിലാണെന്ന് മുസ്ലിംലീഗിലെ കെ. മെയ്തീൻ കോയ ശ്രദ്ധക്ഷണിക്കലിൽ ചൂണ്ടിക്കാട്ടി. ഇത് പ്രദേശങ്ങളിലെ കെട്ടിടനിർമാണത്തിനെയടക്കം ബാധിക്കും. ഈ പദ്ധതി പരിഷ്കരിക്കണമെന്ന് അദ്ദേഹം ആവശ്യപെട്ടു. സമർപ്പിച്ച ചില രേഖകൾ തിരിച്ചയച്ചെന്ന് അപാകം പരിഹരിച്ച് പദ്ധതി പരിഷ്കരിക്കുമെന്നും മറുപടി ലഭിച്ചു.
കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ പേരിൽ കോർപറേഷന്റെ ഉടമസ്ഥയിലുള്ള കെട്ടിടങ്ങൾ ചില രാഷ്ട്രീയ സംഘടനകൾ കയ്യടക്കിവെക്കുന്നതായി ഭരണപക്ഷ കൗൺസിലറായ കെ.ടി സുഷാജ് ശ്രദ്ധക്ഷണിച്ചു. ഭരണപക്ഷ കൗൺസിലർമാരുടെ വാർഡുകളിൽ ദുരുപയോഗം നടക്കുന്നുണ്ടെന്ന് ബി.ജെ.പി കൗൺസിൽ ലീഡർ ടി. റനീഷ് പറഞ്ഞു. പരസ്പരം പോരടിച്ച് കോവിഡ് പ്രതിരോധം താളം തെറ്റരുതെന്ന് മേയർ ഡോ. ബീന ഫിലിപ്പ് അംഗങ്ങളെ ഓർമിപ്പിച്ചു. സി.പി സുലൈമാൻ, വി.കെ മോഹൻദാസ്, എസ്.കെ അബൂബക്കർ, സുജാത കൂടത്തിങ്ങൽ, എം. ബിജുലാൽ തുടങ്ങിയവരും വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു. കോവിഡിെൻറ പേരിൽ പൊലീസിനെ കയറൂരി വിട്ടിരികുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടുന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അധ്യക്ഷയായ മേയർ അനുമതി നിഷേധിച്ചു.