കോഴിക്കോട് :
ടിപ്പർ മോഷ്ടിച്ച് രക്ഷപെടാൻ ശ്രമിച്ച യുവാക്കളെ പൊലീസ് പിന്തുടർന്ന് പിടികൂടി. പൊലീസ് പിന്തുടരുന്ന വിവരം അറിഞ്ഞതിനെ തുടർന്ന്അമിത വേഗതയിൽ ഒടിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ ഏഴ് വാഹനങ്ങൾ ഇടിച്ചിട്ട ടിപ്പറും രണ്ട് പേരെയുമാണ് എലത്തൂർ പൊലീസ് പിടികൂടിയത്. സംഭവത്തിൽ കാപ്പാട് കണ്ണൻകടവ് പടിഞ്ഞാറെ ഉമ്മർ കണ്ടി അബാസ് ( 20), പണിക്കർ റോഡ് നാലുകുടിപറമ്പ് നിതീഷ് ( 22) എന്നിവരെയാണ് ചേവായൂർ പൊലീസ് അറസ്റ്റു ചെയ്തത്.
ഇന്ന് പകൽ 12നാണ് സംഭവം. മലപ്പറമ്പ് മലാക്കുഴിയിൽ ബഷീറിന്റെ കെ എൽ 57 8485 ടിപ്പർ വെള്ളിയാഴ്ച രാത്രി എഡിഎം ബംഗ്ലാവിന് സമീപം നിർത്തിയിട്ടതായിരുന്നു. ശനി പുലർച്ച 4.50നാണ് ടിപ്പർ മോഷണം പോയത്. അമിത വേഗതയിൽ ടിപ്പർ സഞ്ചരിക്കുന്നത് ശ്രദ്ധയിൽ പെട്ട എലത്തൂർ പോലീസ് പിന്തുടർന്നു. ഇതിനിടെ തന്നെ പല വാഹനങ്ങളിലും ഡിവൈഡറിലും ഇടിച്ചിരുന്നു. അമ്പലപ്പടി ബൈപ്പാസ്, എരഞ്ഞിക്കൽ , കണ്ടംകുളങ്ങര ,പാവങ്ങാട് വഴി നടക്കാവിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ബിലാത്തിക്കുളം ക്ഷേത്രക്കുളത്തിനടുത്ത് എത്തിയ ലോറി ക്ഷേത്രത്തിലെ വിളക്ക്തൂണിൽ കുടുങ്ങി. യുവാക്കൾ ഇറങ്ങി ഓടിയെങ്കിലും പ്രദേശവാസികളും പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു. എലത്തൂർ പൊലീസ് ഇരുവരേയും ചേവായൂർ പോലീസിന് കൈമാറി. മലാപ്പറമ്പ് ചോലപ്പുറത്ത് സ്കൂളിലെ ലാപ്ടോപ്പും സ്പീക്കറും കവർന്ന ശേഷമാണ് മോഷ്ടാക്കൾ ടിപ്പർ ഓടിച്ച് പോയതെന്ന് ചേവായൂർ പൊലീസ് പറഞ്ഞു.