മുക്കം: കാട്ടുപന്നി ശല്യം രൂക്ഷമായ കൂടരഞ്ഞിയിൽ പട്ടാപകലും പന്നി ശല്യം രൂക്ഷമായതോടെ കർഷകർ ദുരിതത്തിൽ. ബുധനാഴ്ച രാവിലെ താഴെ കൂടരഞ്ഞിയിൽ കൃഷിയിടത്തിലെ കിണറിൽ വീണത് 6 പന്നികളാണ്. രാവിലെ പത്ത് മണിയോടെയാണ്
കപ്യാങ്കൽ മുതുവമ്പായി ടോമിയുടെ കൃഷിയിടത്തിലെ
കിണറിലാണ് പന്നികൾ വീണത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പന്നികളെ വെടിവെച്ച് കൊന്ന ശേഷം കൃഷിയിടത്തിൽ തന്നെ സംസ്കരിച്ചു.
ഫോറസ്റ്റ് ഓഫീസർ പി.രാജീവ്, വിനീഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.പി.പ്രശാന്ത്, പി. ജലീഷ്, വാച്ചർമാരായ പി.കെ. മുരളി, കരീം മുക്കം, സി.കെ. മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
ഈ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണന്നും പന്നി ശല്യം മൂലം കർഷകർ വലിയ ദുരിതത്തിലാണന്നും കർഷകനായ ടോമി പറഞ്ഞു.
നേരത്തെ രാത്രി സമയത്തായിരുന്നു പന്നി ശല്യമെങ്കിൽ ഇപ്പോൾ പകൽ സമയത്തും രൂക്ഷമായതോടെ പ്രദേശവാസികളും കർഷകരും വലിയ ഭീതിയിലാണിപ്പോൾ