local
രാജ്യദ്രോഹം ചുമത്തി സത്യം പുറത്തുവരുന്നത് തടയുന്നു -എം.വി.ശ്രേയാംസ്കുമാർ എം.പി.
കോഴിക്കോട്: രാജ്യദ്രോഹം എന്ന് മുദ്രകുത്തി സത്യംപുറത്തുവരുന്നത് തടയാനുള്ള നിരന്തരമായ ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് മാതൃഭൂമി മാനേജിങ്ങ് ഡയറക്ടർ എം.വി.ശ്രേയാംസ്കുമാർ എം.പി.അഭിപ്രായപ്പെട്ടു.കാലിക്കറ്റ് പ്രസ്ക്ലബ് സംഘടിപ്പിച്ച സിദ്ദീഖ് കാപ്പന് ഐക്യദാര്ഢ്യസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ രാജ്യത്തിൽ ജനങ്ങളുടെ അറിയാനുള്ള അവകാശമാണ് മാധ്യമങ്ങൾ നിർവ്വഹിക്കുന്നത്.നമ്മുടെ രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക രംഗങ്ങളിൽ എന്താണ് നടക്കുന്നതെന്ന് ജനങ്ങൾ അറിയേണ്ടതുണ്ട്.ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന പ്രക്രിയയാണ് ഇതിലൂടെ നിർവ്വഹിക്കപ്പെടുന്നത്.ഈ സ്വാതന്ത്യം ഇന്ത്യയിൽ അവസാനിച്ചിരിക്കയാണ്.
സ്വതന്ത്ര്യ ഏജൻസികളെയെല്ലാം ഭീഷണിപ്പെടുത്തി സർക്കാർ പാവകളാക്കിയിരിക്കയാണ്.മുഖ്യധാരാ മാധ്യമങ്ങൾ പലകാര്യങ്ങളും റിപ്പോർട്ട് ചെയ്യുന്നില്ല.എന്നാൽ വ്യാജവാർത്തകളുടെ നിർമ്മിതി വ്യാപകമായി നടക്കുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു.ഇത് ജനാധിപത്യ പ്രക്രിയയിലുണ്ടാകുന്ന ആഘാതം വലുതാണ്.
വാർത്തറിപ്പോർട്ട് ചെയ്യാൻ പോയതിനാണ് രാജ്യദ്രോഹകുറ്റംചുമത്തി സിദ്ദീഖ് കാപ്പനെ ജയിലിലടച്ചത്.രാജ്യം ഭീഷണിയിലാണെന്ന പ്രചാരണം നടത്തി വൈകാരിക തലം സൃഷ്ടിച്ച് ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ തടയുന്ന സമീപനമാണിത്. ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നിലപാട് മാധ്യമങ്ങൾ സ്വീകരിക്കണം.വാർത്തകൾ നൽകേണ്ടത് അതുകൊണ്ടുണ്ടാവുന്ന നഷ്ടങ്ങൾ നോക്കിയാവരുത്.ശ്രേയാംസ്കുമാർ പറഞ്ഞു.
പത്രപ്രവർത്തകയുണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് എൻ.പി.രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.എന്തിനും ഏതിനും ആർക്കെതിരേയും കേസെടുക്കാമെന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നതെന്നും ഇതിനെ ഏങ്ങനെ നേരിടുമെന്ന വലിയ വെല്ലുവിളിയാണ് മാധ്യമസമൂഹം നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്ക്ലബ്ബ് പ്രസിഡന്റ് എം.ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു.കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കമാല് വരദൂർ.എം. വി.ഫിറോസ്,വിപുൽനാഥ്,കെ.സി. റിയാസ്,സന്തോഷ് വാസുദേവ്, ജില്ലാ ട്രഷറർ ഇ.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. പ്രസ്ക്ലബ്ബ് സെക്രട്ടറി പി.എസ്. രാകേഷ് സ്വാഗതവും ബി.എസ്. മിഥില നന്ദിയും പറഞ്ഞു.