KERALA
വായ്പക്ക് അപേക്ഷിച്ചതും, അനുവദിച്ചതും, എഴുതിത്തള്ളിയതും ഒരേ ആളുകള്‍!! നിലമ്പൂര്‍ കോ ഓപറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ നടന്നത് കോടികളുടെ വായ്പാതട്ടിപ്പ്, സി ജി ഉണ്ണിയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കളടങ്ങുന്ന ഭരണ സമിതിക്കെതിരെ അന്വേഷണം
സി ജി ഉണ്ണി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ സഹകരണ വകുപ്പ് അന്വേഷണം
മലപ്പുറം: പൊതുപ്രവര്‍ത്തകന്‍ സി ജി ഉണ്ണി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നിലമ്പൂര്‍ കോ ഓപറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ നടന്ന വന്‍ വായ്പാ തട്ടിപ്പ് പുറം ലോകമറിയുന്നത്. സഹകരണ വകുപ്പ് വായ്പാ തട്ടിപ്പ് അന്വേഷിക്കുന്നു. അടുത്ത ദിവസം തന്നെ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം. കടലാസ് സംഘടന രൂപീകരിച്ച് കോടികളുടെ വായ്പാ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് സി ജി ഉണ്ണി തന്റെ പരാതിയില്‍ അക്കമിട്ട് നിരത്തി. അന്വേഷണത്തില്‍ തട്ടിപ്പ് ബോധ്യപ്പെട്ടാല്‍ ആര്യാടന്‍ ഷൗക്കത്ത് ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളടങ്ങുന്ന ബാങ്ക് ഭരണ സമിതി അയോഗ്യരാവുകയും നിയമ നടപടി നേരിടേണ്ടതായും വരും. സെപ്തംബര്‍ 14നാണ് സി ജി ഉണ്ണി മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നത്.
കെ പി സി സി ജനറല്‍ സെക്രട്ടറി വി എ കരീമും ആര്യാടന്‍ ഷൗക്കത്തും ഉള്‍പ്പെടുന്ന ബാങ്ക് ഭരണ സമിതി അംഗങ്ങള്‍ വര്‍ഷങ്ങളായി പൊതു സമൂഹത്തെയും സഹകരണ ബാങ്ക് സംവിധാനത്തെയും കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭരണ സമിതി അംഗങ്ങള്‍ അവര്‍ തന്നെ രൂപം കൊടുത്ത സന്നദ്ധ സംഘടനക്ക് വലിയ തുക വായ്പയായി നല്‍കുന്നു. പിന്നീടിത് എഴുതിത്തള്ളിക്കൊണ്ട് കോടികളുടെ വെട്ടിപ്പ് നടത്തിയെന്നും സി ജി ഉണ്ണി ഇ ന്യൂസ് മലയാളത്തോട് പറഞ്ഞു.
കോടികള്‍ തട്ടാന്‍ ‘കാര്‍ഡ്’ ഇറക്കുന്നു…
കാര്‍ഡ് (kard) എന്ന പേരില്‍ 2001 ല്‍ സൊസൈറ്റി രൂപികരിക്കുന്നു. കേരള ഏജന്‍സി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് എന്നതാണ് കാര്‍ഡിന്റെ പൂര്‍ണരൂപം. ഏഴ് അംഗങ്ങളാണ് ഈ സൊസൈറ്റിയില്‍ ഉണ്ടായിരുന്നത്.
സൊസൈറ്റിയില്‍ ആരൊക്കെ എന്നറിയണം…
കാര്‍ഡ് സൊസൈറ്റിയുടെ പ്രസിഡന്റ് ആര്യാടന്‍ ഷൗക്കത്ത് ആയിരുന്നു. അധ്യാപകനായ വി ഉമ്മര്‍ കോയ ജനറല്‍ സെക്രട്ടറി. ഇപ്പോഴത്തെ കെ പി സി സി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ വി എ കരീം ആയിരുന്നു വൈസ് പ്രസിഡന്റ്. മുന്‍ കെ എസ് യു നേതാവ് ആര്യാടന്‍ ആസാദ് ട്രഷറര്‍. ഇപ്പോഴത്തെ ഡി സി സി വൈസ് പ്രസിഡന്റ് ബാബു മോഹന കുറുപ്പ്, കോണ്‍ഗ്രസിന്റെ നിലമ്പൂര്‍ ബ്ലോക്ക് പ്രസിഡന്റ് എ ഗോപിനാഥ് എന്നിവര്‍ സൊസൈറ്റി അംഗങ്ങള്‍.
കാര്‍ഡിന് വായ്പ അനുവദിച്ചത് ആരൊക്കെ?
ആര്യാടന്‍ ഷൗക്കത്ത് പ്രസിഡന്റായിരുന്ന കാര്‍ഡ് സൊസൈറ്റിക്ക് പണം അനുവദിക്കുമ്പോള്‍ നിലമ്പൂര്‍ കോ ഓപറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ ഭരണ സമിതി അംഗവും വൈസ് ചെയര്‍മാനും ആര്യാടന്‍ ഷൗക്കത്ത് ആയിരുന്നു! അഡ്വക്കറ്റ് ബാബു മോഹനകുറുപ്പും ആര്യാടന്‍ ആസാദും ബാങ്കിന്റെ ലീഗല്‍ അഡൈ്വസര്‍മാരും ആയിരുന്നു. ആര്യാടന്‍ ഷൗക്കത്ത് ഇപ്പോള്‍ ബാങ്ക് ഭരണ സമിതിയുടെ ചെയര്‍മാനുമാണ്. എ ഗോപിനാഥ് വൈസ് ചെയര്‍മാനും ബാബു മോഹന കുറുപ്പ് ബാങ്ക് പ്രസിഡന്റുമാണ്. ഇവരെല്ലാം ചേര്‍ന്നാണ് അവരെല്ലാം കൂടി ആരംഭിച്ച കാര്‍ഡിന്റെ വായ്പ തിരിച്ചടക്കേണ്ടതായ ഫണ്ടായി
എഴുതിത്തള്ളിയിരിക്കുന്നത്!!
എല്ലാം ഒരേ ആളുകള്‍ ചേര്‍ന്ന് തീരുമാനിക്കുന്നു…
കേട്ടുകേള്‍വിയില്ലാത്ത പകല്‍ക്കൊള്ളയാണ് നിലമ്പൂര്‍ അര്‍ബന്‍ ബാങ്കില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയിരിക്കുന്നത്. വായ്പക്ക് അപേക്ഷിച്ചതും, അപേക്ഷ പരിശോധിച്ചതും, വായ്പ നല്‍കാന്‍ തീരുമാനിച്ചതും, ആ പണം തട്ടിയെടുത്തും, വായ്പട കിട്ടാക്കടമായി എഴുതിത്തള്ളിയതുമെല്ലാം ഒരേ ആളുകള്‍!
എന്തായിരുന്നു കാര്‍ഡിന്റെ പ്രവര്‍ത്തനം….
കാര്‍ഡ് സൊസൈറ്റിക്ക് കീഴില്‍ കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രം തുടങ്ങി. ഇതിനായി ഈടില്ലാതെയാണ് നിലമ്പൂര്‍ കോ ഓപറേറ്റീവ് അര്‍ബന്‍ ബാങ്ക് വായ്പ അനുവദിച്ചത്. പിന്നീട് വായ്പയിലേക്ക് തിരിച്ചടവ് ഒന്നും ഉണ്ടായില്ല. കമ്പ്യൂട്ടറുകള്‍ വാങ്ങിച്ചതില്‍ പോലും വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും സി ജി ഉണ്ണി പറയുന്നു.
പൊതുജന നന്മക്കായി ഒരു തട്ടിപ്പ്…
ബാങ്കിന്റെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുജന നന്മ ഫണ്ട് നീക്കി വെച്ചു. ഇതില്‍ നിന്നാണ് ആര്യാടന്‍ ഷൗക്കത്ത് കാര്‍ഡ് സൊസൈറ്റിക്ക് കീഴിലുള്ള കമ്പ്യൂട്ടര്‍ സംരംഭത്തിലേക്ക് ഫണ്ട് വകയിരുത്തിയതും തിരിച്ചടക്കേണ്ടതായ ഫണ്ടായി
ഫയല്‍ ക്ലോസ് ചെയ്തിട്ടുള്ളത്. ബാങ്കിന്റെ ലാഭവിഹിതത്തില്‍ നിന്ന് രണ്ട് ശതമാനം പൊതുനന്മ ഫണ്ടായി നീക്കിവെക്കണമെന്നാണ് ചട്ടം. ഇത്തരത്തില്‍ ലഭ്യമാകുന്ന ഫണ്ട് തിരിച്ചടക്കേണ്ടതില്ല. ഇത് മറയാക്കിയാണ് കാര്‍ഡ് സൊസൈറ്റി രൂപീകരിച്ച് വായ്പാ തട്ടിപ്പ് നടത്തിയത്.
ബാങ്കിലെ ചില ജീവനക്കാര്‍ക്ക് സൗജന്യമായി കമ്പ്യൂട്ടര്‍ പരിശീലനം നല്‍കി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. പൊതുജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചിട്ടില്ലെന്നും ഏതാനും ജീവനക്കാര്‍ക്ക് കമ്പ്യൂട്ടര്‍ പഠന സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണ് കാര്‍ഡിന് കീഴില്‍ നടന്ന ജീവകാരുണ്യപ്രവര്‍ത്തനമെന്നും സി ജി ഉണ്ണി ചൂണ്ടിക്കാട്ടുന്നു.
കമ്പ്യൂട്ടര്‍ പഠന കേന്ദ്രം ഇപ്പോള്‍ എവിടെ?
കാര്‍ഡ് സൊസൈറ്റിയുടെ കമ്പ്യൂട്ടര്‍ പഠന കേന്ദ്രം ഇപ്പോള്‍ ഇല്ല. കടലാസ് സംഘടനായ കാര്‍ഡും ഇന്നില്ല. കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തിന്റെ മാനേജരായിരുന്ന സാലിഹ് എന്ന വ്യക്തി ഇപ്പോള്‍ അര്‍ബന്‍ ബാങ്കില്‍ ജീവനക്കാരന്‍ കൂടിയാണ്. സാലിഹിനോട് സഹകരണ വകുപ്പ് വിശദീകരണം ചോദിച്ചിട്ടുണ്ട്. കൃത്യമായി പദ്ധതിയിട്ട വായ്പാ തട്ടിപ്പാണ് നിലമ്പൂര്‍ അര്‍ബന്‍ ബേങ്കില്‍ നടന്നിരിക്കുന്നതെന്നും അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്നും സി ജി ഉണ്ണി പറഞ്ഞു.