തിരുവമ്പാടി:
അഗസ്ത്യൻമുഴി പാലത്തിന് സമീപം മുപ്പത് അടിയോളം ഉയരത്തിൽ കെട്ടിപ്പൊക്കിയ റോഡിന്റെ ഇരുവശങ്ങളിലുമുള്ള സംരക്ഷണഭിത്തിയുടെ അടിത്തറ തകർന്നത് നിർമാണത്തിലെ അപാകതയും
കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഉത്തമോദാഹരണമാണെന്ന് യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. റോഡ് പോകുന്ന തിരുവമ്പാടി ടൗണിലെ കാനകൾ പരസ്പരം ബന്ധിപ്പിച്ചിട്ടില്ല. ഒരു ചെറിയ മഴ പെയ്താൽ തിരുവമ്പാടി ടൗണിൽ വെളളക്കെട്ട് രൂപപ്പെടുകയാണ്. ഇതു മൂലം പൊതുജനങ്ങളും വ്യാപാരികളും വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. നിരന്തരമായി ഈ വിഷയം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഈ റോഡ് സന്ദർശിച്ചിരുന്നുവെങ്കിലും അന്നു നൽകിയ വാഗ്ദാനങ്ങൾ നാളിതുവരെ പാലിക്കപ്പെട്ടിട്ടില്ല.
അഴിമതിയ്ക്ക് കുടപിടിക്കുന്ന ഈ സമീപനം മന്ത്രിയും സർക്കാരും തിരുത്തി ഈ റോഡിന്റെ കരാറുകാരായ നാഥ് കൺസ്ട്രക്ഷനെ കരിമ്പട്ടികയിൽപെടുത്താനുള്ള നടപടി സ്വീകരിച്ച് റോഡ് നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് യു.സി അജ്മലിന്റെ നേത്യത്വത്തിൽ ജിതിൻ പല്ലാട്ട്, അർജുൻ ബോസ്, അമൽ നെടുങ്കല്ലേൽ, ലിബിൻ ബെൻ തുറുവേലിൽ, ലിബിൻ അമ്പാട്ട്, സക്കീർ പി.എസ്, സലീം സൂൽത്താൻ എന്നിവർ സ്ഥലം സന്ദർശിച്ചു.