കക്കയം : കരിയാത്തുംപാറ, തോണിക്കടവ് ടൂറിസം മേഖലയില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കെ.എം സച്ചിന്‍ദേവ് എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്കായി കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി പറഞ്ഞു.
പ്രദേശത്ത് എത്തുന്നവരുടെ സുരക്ഷയ്ക്കായി പുഴയെ കുറിച്ചറിയുന്ന ലൈഫ് ഗാര്‍ഡിനെ നിയമിക്കും. പഞ്ചായത്തിന്റെ സഹകരണത്തോടെ മാലിന്യസംസ്ക്കരണം നടത്തും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കരയാത്തുംപാറയിൽ ടിക്കറ്റ് കൗണ്ടർ ആരംഭിക്കും.
തോണിക്കടവില്‍ ബോട്ടിങ് തുടങ്ങുവാനുള്ള നടപടികള്‍ വേഗത്തിലാക്കും. പ്രാദേശിക തലത്തില്‍ വീണ്ടും യോഗം ചേര്‍ന്ന് സുരക്ഷയും മറ്റും വിലയിരുത്തിയ ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാമെന്ന് യോഗത്തില്‍ തീരുമാനമായി. ടൂറിസം മന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രദേശത്തെ വികസനവുമായി ബന്ധപ്പെട്ട് യോഗം വിളിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
കലക്ടറുടെ ചേംബറില്‍ നടന്ന ടൂറിസം മാനേജ്മെന്റ് കമ്മിറ്റി യോഗത്തില്‍ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കാട, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അരുണ്‍ ജോസ്, വിന്‍സി തോമസ്, സിമലി ബിജു, ജെസി കരിമ്പനക്കല്‍, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.