താമരശേരി: മലബാര്‍ മേഖലയിലെ സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളില്‍ നിന്നും വനത്തില്‍ നിന്നും വ്യാപകമായി ചന്ദനം മോഷിച്ചു കടത്തുന്ന മൂന്ന് പേരെ വനപാലകര്‍ പിടികൂടി. ചിറ്റാരിപിലാക്കില്‍ പാഴൂര്‍ കള്ളിവളപ്പില്‍ അബ്ദുറഹിമാന്(35), മാവൂര്‍ തെന്നിലക്കടവ് തറയില്‍ ബഷീര്‍(43), ആക്കോട് വാഴയൂര്‍ കോണോത്ത് അബ്ദുള്ള(67)എന്നിവരെയാണ് ഞായറാഴ്ച പുലര്‍ച്ചെ ചന്ദന തടികളുമായി താമരശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.കെ. രാജീവ് കുമാറും സംഘവും പിടികൂടിയത്.
ചന്ദനം മുറിച്ചു കടത്തുന്ന ഓട്ടോറിക്ഷയ്ക്ക് പൈലറ്റായി ബൈക്കില്‍ പോകുകയായിരുന്ന അബ്ദുറഹിമാനെ കണ്ണിപറ നിന്നാണ് പിടികൂടിയത്. ഇയാളില്‍ നിന്നു ഒരുവാളും പിടിട്ടെടുത്തു. പിന്നീട് ചോദ്യം ചെയ്യലില്‍ കിട്ടിയ വിവരത്തിന്റെ അസിസ്ഥാനത്തില്‍ ബഷീറിനെ ഓട്ടോയും ചന്ദനവും അടക്കം തെങ്ങിലാക്കടവില് നിന്ന് കസ്റ്റഡിയിലെടുത്തു. ഇയില്‍ നിന്നു ലഭിച്ച വിവര പ്രകാരം ചന്ദനം വാങ്ങുന്ന അബ്ദുള്ളയെ ആക്കോട് നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ചന്ദനം സ്ഥിരമായി കടത്താന്‍ ഉപയോഗിച്ച ജീപ്പ് വയനാട്ടില്‍ നിരവില്‍പുഴ നിന്ന് പിടികൂടുകയായിരുന്നു.
50 കിലോയോളം ചന്ദനവും കടത്താനുപയോഗിച്ച ഒട്ടോറിക്ഷ, ബൈക്ക്, ജീപ്പ് എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാരന്തൂര്‍, മച്ചുകുളം, വെള്ളന്നൂര്‍, കൊയിലാണ്ടി എന്നിവിടങ്ങില്‍ നിന്ന് ചന്ദന മരങ്ങള്‍ മുറിച്ചു കടത്തിയെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു.