കോഴിക്കോട്: വണ്ടിവിലയുടെ ഇരട്ടിയോളം വരുന്ന വാടകക്ക് വാഹനമെടുക്കാൻ കോഴികോട് നഗരസഭാ നീക്കം. കുടുംബശ്രീക്കുവേണ്ടി അനർട്ട് വഴി ‘ടാറ്റ നെക്സോൺ’ ഇലക്ട്രിക് കാർ വാടകക്കെടുക്കാനാണ് ശ്രമം. പ്രതിമാസം 27,540 രൂപ വാടകക്ക് എട്ട് കൊല്ലത്തേക്ക് മൊത്തം 27.76 ലക്ഷം രൂപ നൽകി കാർ എടുക്കാനാണ് കരാർ. ഇത് കൂടാതെ വർഷം തോറും അഞ്ച് ശതമാനം വാടക വർധനയുമുണ്ട്. ഡ്രൈവറുടെ ശമ്പളം, മറ്റ് ആകസ്മിക ചെലവുകൾ എന്നിവയും കോർപറേഷൻ വഹിക്കണം. എട്ട് കൊല്ലം കഴിഞ്ഞ് കാർ തിരിച്ച് കൊടുക്കുകയും വേണം. ഒരുമാസത്തെ വാടക മുൻകൂർ നൽകണമെന്നും കരാറിലുണ്ട്. വ്യാഴാഴ്ചത്തെ കൗൺസിൽ യോഗം കാർ വാടകക്കെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും. നഗരസഭയ്ക്ക് വൻ നഷ്ടമുണ്ടാക്കുന്ന ഈ ധൂർത്ത് തീരുമാനത്തിനു പിന്നിൽ ചില താത്പപര്യങ്ങൾ ഉണ്ടെന്നാണ് വിവരം.