മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് മുംബൈ ഹൈക്കോടതി ജാമ്യ അനുവദിച്ചു. ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ എന്‍ സി ബി അറസ്റ്റ് ചെയ്ത ആര്യന്‍ ഖാന്‍ 21 ദിവസമായി ജയിലിലായിരുന്നു. ആര്യന്‍ ഖാനൊപ്പം അറസ്റ്റിലായ അര്‍ബാസ് മര്‍ച്ചന്റിനും മുന്‍ മുന്‍ ധമേച്ചക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്.
ആര്യന്‍ ഖാന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് ഹാജരായത്. ആര്യനില്‍ ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും, ഇത് തെളിയിക്കാന്‍ പോന്ന വൈദ്യ പരിശോധന ഫലമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടി. പ്രധാന തെളിവായി ഹാജരാക്കിയ വാട്‌സാപ് ചാറ്റ് മൂന്ന് വര്‍ഷം മുമ്പത്തേതാണെന്നും റോത്തഗി വാദിച്ചു. ആര്യന്‍ ഖാന്‍ മുമ്പ് സമാനമായ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും നല്ല രീതിയില്‍ ജീവിച്ചു വരുന്ന വ്യക്തിയാണെന്നും റോത്തഗി വാദിച്ചു. ആര്യന്‍ ഖാനെ രക്ഷിക്കാന്‍ പിതാവ് ഷാരൂഖ് ഖാന്‍ തന്റെ ബന്ധങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് എന്‍ സി ബി ആരോപിച്ചു. ആര്യന്‍ പുറത്തിറങ്ങിയാല്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നുമുള്ള എന്‍ സി ബിയുടെ വാദം കോടതി തള്ളി.