അടിവാരം: ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പെയ്ത കനത്തമഴിയില്‍ പൊട്ടിക്കൈ പുഴയും തോടുകളും കരകവിഞ്ഞൊഴുകി സമീപത്തം വീടുകളില്‍ വെള്ളം കയറി. അടിവാരത്ത് തോട് കവിഞ്ഞുകയറി അങ്ങാടിയില്‍ വെള്ളമുയര്‍ന്ന് ദേശീയ പാത 766ല്‍ ഗതാഗതം അരമണിക്കൂര്‍ സ്തംഭിച്ചു. ചുരത്തില്‍ വനാന്തര്‍ ഭാഗത്തും പൊട്ടിക്കൈ, കനലാട്, മേലേപൊട്ടിക്കൈ തുടങ്ങിയ സ്ഥലങ്ങളില്‍ അതിശക്തമായി മഴ പെയ്ത വെള്ളം അടിവാരത്തേയ്ക്ക് ഒഴുകിയെത്തിയാണ് ദേശീയപാത പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയത്. കടകളിലേയ്ക്കും വെള്ളം ഇരച്ചുകയറിയതോടെ വ്യാപരികളും പ്രയാസത്തിലായി. ഉച്ചയ്ക്കുശേഷം രണ്ടരയ്ക്ക മഴ ശാന്തമായതോടെയാണ് പ്രദേശത്തെ വെള്ളമിറങ്ങിയത്. പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ആയിഷക്കുട്ടി സുല്‍ത്താന്‍, താമരശേരി തഹസില്‍ദാര്‍ സി.സുബൈര്‍, ജനപ്രതികള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.