15 വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലം, അവഗണിക്കപ്പെട്ടപ്പോഴെല്ലാം തളരാതെ പിടിച്ചു നിന്നു. ഒടുവില്‍ അപര്‍ണയെ തേടിയെത്തിയത് ഇന്ത്യയുടെ ഇതിഹാസ വോളിബോള്‍ താരം ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ്.കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി മൂന്നാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് അപര്‍ണ ബാലന്‍. ഏറെ നേട്ടങ്ങളുണ്ടായിട്ടും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അവഗണന മൂലം തഴയപ്പെട്ട വ്യക്തിയാണ് അപര്‍ണ.
2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി, 2014ലെ തോമസ് & യൂബര്‍ കപ്പില്‍ വെങ്കലം, ദക്ഷിണേഷ്യന്‍ ഗെയിംസില്‍ 4 സ്വര്‍ണം, 3 വെള്ളി, കൂടാതെ 2007നും 2018-നും ഇടയില്‍ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ ചലഞ്ച്, സ്പാനിഷ് ഓപ്പണ്‍, ഓസ്ട്രേലിയന്‍ ഓപ്പണ്‍, ന്യൂസിലാന്‍ഡ് ഓപ്പണ്‍, റഷ്യന്‍ ഓപ്പണ്‍, ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ചലഞ്ച്, ടാറ്റ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ ചലഞ്ച്, ശ്രീലങ്കന്‍ ഇന്റര്‍നാഷണല്‍ ചലഞ്ച് എന്നിവയാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ടീം ഇവന്റ്/ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് ഇനങ്ങളില്‍ അപര്‍ണയുടെ പ്രധാന നേട്ടങ്ങള്‍.2006 മുതല്‍ 2018 വരെ – 9 സ്വര്‍ണവും 9 വെള്ളിയും ഒരു വെങ്കലവും. ദേശീയ ഗെയിംസുകളില്‍ 2 സ്വര്‍ണവും ഒരു വെള്ളിയും 2 വെങ്കലവും നേടി.
മണിക്കൂറുകളോളം നീളുന്ന പരിശീലനത്തിന്റെയും , കഠിനാധ്വാനത്തിന്റെയും, ആത്മവിശ്വാസത്തിന്റെയും ചുവടുപിടിച്ചു നടന്നതുകൊണ്ടാണ് തനിക്ക് ഈ നേട്ടം കൈവരിക്കാനായതെന്ന് അപര്‍ണ പറയുന്നു. കൂടാതെ തളരാതെ താങ്ങിനിര്‍ത്താന്‍ മാതാപിതാക്കളുടെയും ഭര്‍ത്താവിന്റെയും പൂര്‍ണപിന്തുണ അപര്‍ണയ്ക്കുണ്ട്.സൈന നെഹ്‌വാള്‍,പി വി സിന്ധു,ദിപീക പദുക്കോണ്‍ എന്നിവരുമായെല്ലാം മത്സരിക്കുകയും,ജയിക്കുകയും ചെയ്തിട്ടുണ്ട് അപര്‍ണ.അച്ഛനാണ് അപര്‍ണയെ ബാഡ്മിന്റണ്‍ ലോകത്തേക്ക് കൈ പിടിച്ചു കയറ്റുന്നത്. വളരെ അവിചാരിതമായി എത്തിപ്പെട്ട ബാഡ്മിന്റണ്‍ ലോകത്ത് പിന്നീട് തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുകയായിരുന്നു അപര്‍ണ.25000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം