local
തെരുവ് നായ ശല്യം കൗണ്‍സിലര്‍മാര്‍ ഉന്നയിച്ചു, തീരുമാനം ഒന്നുമായില്ല, തത്കാലം കടി കൊള്ളുക തന്നെ!
കോഴിക്കോട്: സുപ്രീംകോടതി വിധി നിലനില്‍ക്കുന്നതിനാല്‍ നായകളെ കൊല്ലുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈകൊള്ളാനാവില്ലെന്ന് മേയര്‍ ബീന ഫിലിപ്പ്.
പലയിടത്തും തെരുവ് നായ ശല്യം രൂക്ഷമാണ്. സ്‌കൂളിലും മദ്രസകളിലും പോകുന്ന കുട്ടികളെ വരെ കടിച്ചു പരിക്കേല്‍പ്പിക്കുന്നു. ഇത് സംബന്ധിച്ച് കൗണ്‍സിലര്‍ ഓമന മധു ആണ് ശ്രദ്ധ ക്ഷണിച്ചത്.
പല വാര്‍ഡുകളിലും സമാന അവസ്ഥയാണെന്ന് മറ്റ് കൗണ്‍സിലര്‍മാരും സാക്ഷ്യപ്പെടുത്തി.
ആവിയില്‍ തോട് ആഴം കൂട്ടണം…
വെള്ളയില്‍ ആവിയില്‍ തോട് പ്രദേശത്ത് വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടി വേണമെന്ന് സി പി സുലൈമാന്‍ ശ്രദ്ധ ക്ഷണിച്ചു. നഗരത്തിലെ വെള്ളം മുഴുവന്‍ ഒഴുകി എത്തുന്നത് ആവിയില്‍ തോടിലേക്കാണ്. ഈ ഭാഗത്ത് വീതിയോ ആഴമോ കൂട്ടാനുള്ള നടപടി വേണമെന്നും ആവശ്യപ്പെട്ടു. എന്‍ സി മോയിന്‍കുട്ടി, ഇ എം സോമന്‍, എം കെ മഹേഷ് എന്നിവരും വിവിധ വിഷയങ്ങളില്‍ ശ്രദ്ധ ക്ഷണിച്ചു.
കോംട്രസ്റ്റ് ഓവുചാല്‍ മൂടിയത് തുറന്നില്ല..
കോംട്രസ്റ്റ് നെയ്ത് ഫാക്ടറിയ്ക്ക് സമീപം ഓവുചാല്‍ നികത്തിയ സംഭവത്തില്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിട്ടും നികത്തല്‍ തുടരുന്നതായി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍. ടി. രനീഷാണ് ഇക്കാര്യത്തില്‍ ശ്രദ്ധക്ഷണിച്ചത്. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ യു.ഡി.എഫ് കൗണ്‍സിലര്‍ എസ്.കെ. അബൂബക്കര്‍ ഇക്കാര്യത്തിന്‍ ശ്രദ്ധക്ഷണിച്ചിരുന്നു. കോര്‍പ്പേറന്‍ നടപടി സ്വീകരിച്ചെന്നും നോട്ടീസ് നല്‍കിയെന്നും സെക്രട്ടറി അറയിച്ചിരുന്നു. എന്നാല്‍ ഇതിന് പുല്ലുവിലയാണ് ഓവുചാല്‍ മൂടിയവര്‍ നല്‍കിയതെന്നും മണ്ണടുത്തു മാറ്റാന്‍ നിയമലംഘനം നടത്തിയവര്‍ തയ്യാറായില്ലെന്നുമാണ് ആരോപണം. ഓവുചാല്‍ പുനസ്ഥാപിക്കണമെന്ന ഉത്തരവ് ഭൂമാഫിയക്കാര്‍ കീറിയെറിഞ്ഞെന്ന് എസ്.കെ. അബൂബക്കര്‍ ആരോപിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതരമായി വീഴ്ച ഉണ്ടായതായി കെ. മൊയ്തീന്‍കോയ പറഞ്ഞു. കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ് ആവശ്യപ്പെട്ടു