ദുബൈ: യുഎഇയിലെ ഹൈപ്പര്‍ലൂപ് പരീക്ഷണം വീണ്ടും വിജയം. അതിവേഗ വാഹനമായ ഹൈപ്പര്‍ലൂപ്പില്‍ 2030ഓടെ യാത്ര സാധ്യമാകും. യാത്രക്കാരെ കയറ്റിയുള്ള 500 മീറ്റര്‍ പരീക്ഷണയോട്ടം യുഎസിലെ ലാസ് വെഗസില്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ പദ്ധതി യാഥാര്‍ഥ്യത്തിലേക്കുള്ള വേഗം കൂടി. ഹൈപ്പര്‍ലൂപ് ചീഫ് ടെക്നോളജി ഓഫിസര്‍ ജോഷ് ഗീഗല്‍, പാസഞ്ചര്‍ എക്സ്പീരിയന്‍സ് ഡയറക്ടര്‍ സാറ ലൂച്ചിയന്‍ എന്നിവരായിരുന്നു ആദ്യ യാത്രക്കാര്‍. ലോസ് ഏഞ്ചല്‍സിലെ ഹൈപ്പര്‍ലൂപ് ട്രാന്സ്പോര്ട്ടേഷന് ടെക്നോളജിസ് നിര്‍മിച്ച പാസഞ്ചര്‍ പോഡില്‍ 30 പേര്‍ക്കു യാത്ര ചെയ്യാം. യാത്രക്കാരുടെ സുരക്ഷ, സൗകര്യം, വിനോദം എന്നിവ ഉറപ്പാക്കി നൂതന സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച പോഡിന്റെ ചിത്രവും കഴിഞ്ഞ ദിവസം പുറത്തുവിട്ടു. കാറില്‍ ഒന്നര മണിക്കൂര്‍ യാത്രാദൈര്‍ഘ്യമുള്ള ദുബായ്-അബുദാബി യാത്ര ഹൈപ്പര്‍ലൂപ്പില്‍ 12 മിനിറ്റുകൊണ്ടു പിന്നിടും. ഫുജൈറയിലെത്താനും 12 മിനിറ്റു മതി.ദുബായിലേക്കുള്ള 150 കിലോമീറ്റര്‍ ഹൈപ്പര്‍ലൂപ് പാതയുടെ ആദ്യഘട്ടം ഉടനെ പൂര്‍ത്തിയാകും. പ്രത്യേകമായി രൂപകല്പന ചെയ്ത ടണലിലൂടെയാണു യാത്ര.വായുരഹിത കുഴലില്‍ കാന്തികശക്തി ഉപയോഗിച്ച് കാബിനെ അതിവേഗത്തില്‍ മുന്നോട്ടു ചലിപ്പിക്കുന്നു. വായുരഹിത സംവിധാനത്തില്‍ ഒരു വസ്തുവിനെ പ്രതലത്തില്‍ നിന്നുയര്‍ത്തി ശരവേഗത്തില്‍ മുന്നോട്ടു നീക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഓരോ യാത്രക്കാരനുമായും വ്യക്തിഗത ആശയവിനിമയത്തിനുള്ള സംവിധാനവുമുണ്ട്. ക്രമീകരിക്കാവുന്ന മൈക്രോക്ലൈമേറ്റ് നിയന്ത്രണ സംവിധാനം, ക്യാമറ, വ്യക്തിഗത ടച്ച്സ്ക്രീന്‍ ടാബ്ലറ്റ്, വയര്‍ലെസ് ചാര്‍ജിങ് സൗകര്യങ്ങളുമുണ്ടാകും. പോഡില്‍ ഒരു ലഘുഭക്ഷണ ബാറും ലഗേജ് റാക്കുകളും ഒരു ടോയ്ലറ്റും വരെ ഒരുക്കിയിട്ടുണ്ട്