
പാരിസ്: മികച്ച ഫുട്‌ബോളര്‍ക്കുള്ള 2021ലെ ‘ബലോന്‍ ദ് ഓര്‍’ പുരസ്‌കാരം സ്വന്തമാക്കി അര്‍ജന്റീനന്‍ താരം ലയണല്‍ മെസി. ഇത് ഏഴാം തവണയാണ് മെസി ബലോന്‍ ദ് ഓര്‍ പുരസ്‌കാരം സ്വന്തമാക്കുന്നത്. അര്‍ജന്റീനക്ക് വേണ്ടി കോപ അമേരിക്കയും ബാര്‍സലോണക്ക് വേണ്ടി കിംഗ്സ് കപ്പും നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിനാണ് മെസിയെ വീണ്ടും പൂരസ്‌കാരം തേടിയെത്തിയത്. കഴിഞ്ഞ സീസണില്‍ 30 ഗോളുകള്‍ അടിച്ച് ലാ ലിഗയിലെ ടോപ്സ്‌കോറര്‍ പദവിയും താരം സ്വന്തമാക്കി. 29 വര്‍ഷത്തിന് ശേഷം അര്‍ജന്റീനയെ കോപ്പ അമേരിക്ക കിരീടനേട്ടത്തില്‍ എത്തിക്കാന്‍ മെസിയെന്ന ഇതിഹാസത്തിന് സാധിച്ചു. നിലവില്‍ പി.എസ്.ജി താരമാണ് മെസി. ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോവ്സ്‌കി രണ്ടാം സ്ഥാനം നേടി. സ്പാനിഷ് താരം പെഡ്രി ഗോണ്‍സാലസ് ആണ് മികച്ച യുവതാരം. ബാര്‍സിലോന താരം അലക്‌സിയ പുതല്ലാസിനാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം. കോവിഡ് മൂലം 2020-ലെ ബാലണ്‍ദ്യോര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നില്ല. 2019, 2009, 2010, 2011, 2012, 2015 വര്‍ഷങ്ങളിലും മെസ്സി ബാലണ്‍ദ്യോര്‍ പുരസ്‌കാരം സ്വന്തമാക്കി. ഓരോ വര്‍ഷത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ഫ്രഞ്ച് മാഗസിനായ ‘ഫ്രാന്‍സ് ഫുട്‌ബോള്‍’ നല്‍കുന്നതാണ് ‘ബലോന്‍ ദ് ഓര്‍’ പുരസ്‌കാരം.