ന്യൂഡല്‍ഹി: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷത്തെ അണിനിരത്താനുള്ള തയ്യാറെടുപ്പിലാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആദ്യഘട്ടം എന്ന നിലയില്‍ കോണ്‍ഗ്രസ്സിന്റെ ആശയങ്ങളെ എതിര്‍ത്ത് മറ്റ് പാര്‍ട്ടികളിലേക്ക് ചേക്കാറാന്‍ പോകുന്ന നേതാക്കളെ വലയിട്ട് പിടിക്കുകയാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറും മമതയും. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ തകര്‍ച്ച ഉയര്‍ത്തി കാട്ടിയാണ് മമത പ്രധാനമായും കരുക്കള്‍ നീക്കുന്നത്. മുംബൈയില്‍ ഇന്ന് എന്‍.സി.പി. തലവന്‍ ശരദ് പവാറിനെ കണ്ട ശേഷം നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ രാഷ്ട്രീയ ചര്‍ച്ചയാകുന്നത്. ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കടുത്ത ഭാഷയിലാണ് മമത കോണ്‍ഗ്രസിനെതിരെ പ്രതികരിച്ചത്. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യു.പി.എ. ഇപ്പോള്‍ ഇല്ല എന്ന പ്രതികരണം രാജ്യത്ത് ശക്തമായ പ്രതിപക്ഷ പാര്‍ട്ടിയായി തൃണമൂല്‍ വളരുന്നു എന്നത് വ്യക്തമാക്കുന്നു. എപ്പോഴും വിദേശത്ത് താമസിച്ചാല്‍ പിന്നെ എങ്ങിനെ പ്രവര്‍ത്തിക്കും എന്ന് രാഹുല്‍ ഗാന്ധിയെ പരസ്യമായി പരിഹസിച്ച് കൊണ്ടുള്ള പ്രഖ്യാപനത്തിലൂടെ കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയെ ഉയര്‍ത്തി കാട്ടാനും മമത മറന്നില്ല. ശരദ് പവാറും മംമ്തയും തമ്മില്‍ സില്‍വര്‍ ഓക്ക് അപ്പാര്‍ട്ട്മെന്റില്‍ ഒരു മണിക്കൂറോളം സംഭാഷണം നടന്നു.