ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിനിടെ മരണപ്പെട്ട കര്‍ഷകര്‍ക്ക് ധനസഹായം നല്‍കാനാവില്ലെന്ന കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറയുടെ പ്രസ്ഥാവനയ്‌ക്കെതിരെ കര്‍ഷകസംഘടനകള്‍ രംഗത്ത്. പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കണക്കു ലഭ്യമല്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്ഥാവന അടിസ്ഥാനരഹിതമാണെന്ന് കര്‍ഷകസംഘടനാ നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി നടന്ന പ്രതിഷേധത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ കണക്കുകള്‍ സംബന്ധിച്ച രേഖകളൊന്നും സര്‍ക്കാരിന്റെ പക്കലില്ലെന്നും അതുകൊണ്ടുതന്നെ കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം നല്‍കുന്ന വിഷയം നിലനില്‍ക്കുന്നില്ലെന്നും കൃഷിമന്ത്രി നരേന്ദ്ര തോമര്‍ ബുധനാഴ്ച പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രക്ഷോഭത്തിനിടെ രാജ്യത്തു പലയിടങ്ങളിലായി കൊല്ലപ്പെട്ട എഴുനൂറോളം കര്‍ഷകരുടെ വിവരങ്ങള്‍ പൊലീസ് സ്റ്റേഷനുകളില്‍ നല്‍കിയിട്ടുണ്ടെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ചൂണ്ടിക്കാട്ടി. തെരുവില്‍ സമരം ചെയ്യുന്നതിനിടെ പ്രായമായ ഏതാനും പേര്‍ കൊടുംതണുപ്പില്‍ മരിച്ചു. ചിലര്‍ ജീവനൊടുക്കി. യുപിയിലെ ലഖിംപുര്‍ ഖേരിയില്‍ 4 കര്‍ഷകരെ കേന്ദ്രമന്ത്രിയുടെ മകന്‍ സഞ്ചരിച്ച കാര്‍ ഇടിച്ച് കൊലപ്പെടുത്തിയതടക്കമുള്ള കണക്കുകള്‍ ഉണ്ടെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. 719 കര്‍ഷകര്‍ പ്രക്ഷോഭത്തിനിടെ മരിച്ചെന്നാണ് സംഘടന നല്‍കിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മതിയായ നഷ്ടപരിഹാരം ലഭിക്കുന്നത് വരെ പിന്നോട്ടില്ലെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.