ന്യൂഡല്‍ഹി: കര്‍ഷകപ്രക്ഷോഭത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന്റെ പക്കലില്ലെന്ന കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറയുടെ പ്രസ്താവന തള്ളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇപ്പോള്‍ മലക്കം മറിയുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തുടര്‍ന്ന സമരത്തില്‍ ജീവന്‍ വെടിഞ്ഞ കര്‍ഷകരുടെ വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിടുകയായിരുന്നു. പഞ്ചാബില്‍ മരണപ്പെട്ട 400ലേറെ കര്‍ഷകര്‍ക്കായി അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം ലഭിച്ച രേഖകളാണ് രാഹുല്‍ ഗാന്ധി പുറത്തുവിട്ടത്. ഈ വിവരങ്ങളെല്ലാം പൊതുമധ്യത്തില്‍ ലഭ്യമാണെന്നും തിങ്കളാഴ്ച ലോക്സഭയില്‍ ഈ വിവരങ്ങള്‍ മേശപ്പുറത്തുവയ്ക്കുമെന്നും രാഹുല്‍ പറഞ്ഞു. നിലനില്‍പ്പിനായി സമരം ചെയ്ത കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറാല്ലെന്നും, പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നടപടികള്‍ ഭീരുത്വമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.