കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ റഷ്യന്‍ പൗരന് കോവിഡ് സ്ഥിരീകരിച്ചു. 25 വയസ്സുളള യുവാവിനാണ് റാപ്പിഡ് ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഒമിക്രോണിനെതിരെയുള്ള പ്രതിരോധം കര്‍ശനമാക്കുന്നതിനിടെയാണ് കൂടുതല്‍ പേരില്‍ രോഗബാധ സ്ഥിരീകരിക്കുന്നത്. ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട രാജ്യമാണ് റഷ്യ. അതിനാല്‍ തന്നെ കോവിഡിന്റെ പുതിയ വകഭേദമാണോ എന്ന് തെളിയിക്കുന്നതിനായി സാംപിള്‍ ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചു. സമ്പര്‍ക്കം തടയുന്നതിന്റെ ഭാദഗമായി ഇദ്ദേഹത്തെ അമ്പലമുകള്‍ സര്‍ക്കാര്‍ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി.
ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിലെത്തുന്ന അന്താരാഷ്ട്ര യാത്രികര്‍ക്കായി പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. റാപ്പിഡ് ടെസ്റ്റില്‍ നെഗറ്റീവ് ആയാലും ഏഴ് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമായും പാലിക്കണം. ശേഷം ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആവേണ്ടതുണ്ട്.
അതേസമയം നവംബര്‍ 29ന് റഷ്യയില്‍ നിന്നെത്തിയവരില്‍ ഒരാള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടും ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കൃത്യമായി കണ്ടെത്തുന്നതിനും, നിരീക്ഷണത്തിലാക്കുന്നതിലും വീഴ്ച സംഭവിച്ചത് ഏറെ ഗൗരവപരമായാണ് കാണുന്നത്. മാര്‍ഗനിര്‍ദേശം പുറത്തുവരകുന്നതിന് 10 ദിവസം മുന്‍പ് നവംബര്‍ 20ന് സാംപിളെടുത്തവരിലാണ് രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥീരീകരിച്ചത്. രോഗവ്യാപനം കൂടുതലാണെന്നതാണ് ഒമിക്രോണിനെ മറ്റ് വകഭേദങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. എന്നാല്‍ എത്രത്തോളം ആരോഗ്യപ്രശ്‌നം ഉണ്ടാക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.