തിരുവനന്തപുരം: 32 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്. വോട്ടെണ്ണല്‍ രാവിലെ 10 മണിയോടെ ആരംഭിച്ചു. ജില്ലാ പഞ്ചായത്തുകളിലെ മൂന്നും ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ രണ്ടും മുനിസിപ്പാലിറ്റികളിലെ മൂന്നും ഗ്രാമ പഞ്ചായത്തുകളിലെ ഇരുപതും വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 32 വാര്‍ഡുകളിലായി 75.06 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തി.
കൊച്ചി ഗാന്ധിനഗര്‍ ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണായകമാണ്. കൊച്ചി നഗരസഭയിലെ ആദ്യ ഉപതിരഞ്ഞെടുപ്പാണ് ചൊവ്വാഴ്ച നടന്നത്. കൗണ്‍സിലറായ കെ.കെ.ശിവന്റെ മരണത്തെ തുടര്‍ന്നാണ് ഗാന്ധിനഗര്‍ ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. ശിവന്റെ ഭാര്യ ബിന്ദു ശിവനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ഡി.മാര്‍ട്ടനിന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായും, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.ജി.മനോജ്കുമാറും തിരഞ്ഞെടുപ്പ് നേരിട്ടു.
തിരഞ്ഞെടുപ്പ് ഫലം അതിനിര്‍ണ്ണായകമായതിനാല്‍ തന്നെ നിയമസഭാ തിരഞ്ഞെടുപ്പുകളെയും വെല്ലുന്ന പ്രചാരണമാണ് കൊച്ചി നഗരസഭ കണ്ടത്.
പിറവം നഗരസഭയില്‍ യുഡിഎഫ്, എല്‍ഡിഎഫ് ശക്തി ഇഞ്ചോടിഞ്ചായി തുടരുന്നതിനാല്‍ തന്നെ 14ാം വാര്‍ഡിലേക്കുളള ഉപതിരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ക്ക് നഗരസഭാ ഭരണം കിട്ടും. നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം കിട്ടിയ കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തില്‍ വള്ളിയോട് വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പും യുഡിഎഫിന് സംബന്ധിച്ച് പ്രാധാന്യം ഏറിയതാണ്.
ഇരിങ്ങാലക്കുട നഗരസഭയിലെ തിരഞ്ഞെടുപ്പും കൊച്ചി നഗരസഭയോട് തുല്യമായി തുടരുന്നതാണ്. എല്‍ഡിഎഫ്, യുഡിഎഫ് തുല്യശക്തികളായി തുടരുന്ന ഇരിങ്ങാലക്കുട നഗരസഭ 18ാം ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ക്ക് ഭരണം പിടിച്ചെടുക്കാം.
തിരുവനന്തപുരം കോര്‍പറേഷനില്‍ നികുതി വെട്ടിപ്പ് വിവാദത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന പ്രാധാന്യവും ഈ ഉപതിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു.
വോട്ടെടുപ്പിനായി 367 പോളിങ് ബൂത്തുകള്‍ സജ്ജീകരിച്ചു. ആകെ 115 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 21 പേര്‍ സ്ത്രീകളാണ്.