കോയമ്പത്തൂര്‍:കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തടക്കം 13 പേരുടെ മരണം സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് 12.30 ഓടെ ഊട്ടിക്ക് സമീപം കുനൂരിലാണ് സംഭവം. ഹെലികോപ്ടറില്‍ തീപടര്‍ന്നത് രക്ഷാപ്രവര്‍ത്തിന് പ്രതികൂലമായി. കോയമ്പത്തൂരില്‍ നിന്ന് 11.47 ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ലാന്‍ഡിങ്ങിന് പത്തു കിലോമീറ്റര്‍ മാത്രം ശേഷിക്കെ തകര്‍ന്ന് വീഴുകയായിരുന്നു. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേന താവളത്തില്‍നിന്ന് ഊട്ടിയിലെ വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. വെല്ലിംഗ്ടണിലെ സൈനികകോളേജില്‍ ഏറ്റവും പുതിയ കേഡറ്റുകളെ അഭിസംബോധന ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിനിടെയാണ് അപകടം.
ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ. ഗുര്‍സേവക് സിങ്, എന്‍.കെ. ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി. സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്
അതേസമയം അപകടത്തില്‍പ്പെട്ടവരില്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ് രക്ഷപ്പെട്ടതെന്ന് വ്യോമസേന അറിയിച്ചു. ഹെലികോപ്ടറില്‍ 14 പേരുണ്ടായിരുന്നതായി വ്യോമസേനാ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികൂല കാലാവസ്ഥയാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
അപകടവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യാഴാഴ്ച പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. സി.ഡി.എസ്. ബിപിന്‍ റാവത്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഡി.എന്‍.എ. പരിശോധനകള്‍ നടത്തിയാണ് മൃതദേഹങ്ങളുടെ തിരിച്ചറിയല്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാകാര്യങ്ങള്‍ സംബന്ധിച്ച മന്ത്രിതല ഉപസമിതിയോഗം വൈകീട്ട് ചേര്‍ന്നു.
‘ജനറല്‍ ബിപിന്‍ റാവത്ത് ഒരു മികച്ച സൈനികനായിരുന്നു. ഒരു യഥാര്‍ത്ഥ ദേശസ്നേഹി, നമ്മുടെ സായുധ സേനയെയും സുരക്ഷാ ഉപകരണങ്ങളെയും നവീകരിക്കുന്നതില്‍ അദ്ദേഹത്തിലെ സംഭാവനകള്‍ എടുത്ത്ു പറയേണ്ടത് തന്നെയാണ്. തന്ത്രപരമായ കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകളും വീക്ഷണങ്ങളും അസാധാരണമായിരുന്നു. അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കാളിയാകുന്നുവെന്നും പ്രധാമന്ത്രി വ്യക്തമാക്കി.