INDIA
സംയുക്ത സൈനിക മേദാവിക്ക് പിന്‍ഗാമി ആര്…? കരസേന ജനറല്‍ എം.എം.നരാവണെയിലേക്ക് സാധ്യത നീളുമോ…?
ന്യൂഡല്‍ഹി: സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയെ നിശ്ചയിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭയുടെ സുരക്ഷാ സമിതി ഇക്കാര്യം ചര്‍ച്ച ചെയ്തു. 2020ല്‍ ജനറല്‍ ബിപിന്‍ റാവത്ത് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഒഴിവിലേക്കെത്തിയ കരസേന ജനറല്‍ എം.എം.നരാവണെ തിരഞ്ഞെടുക്കപ്പെടുമെന്നാണ് ലഭിക്കുന്ന സൂചന. 2022 ഏപ്രില്‍ വരെയാണ് കരസേനാ മേധാവിയായി നരവണെയ്ക്ക് ചുമതലയുള്ളത്. വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി, നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നവരാണ്. എന്നാല്‍ വ്യാമസേന മേധാവിയായി വി.ആര്‍ ചൗധരി സെപ്റ്റംബറിലും നാവിക സേന മേധാവിയായി മലയാളിയായ ആര്‍. ഹരികുമാര്‍ നവംബര്‍ 30നും ചുമതലയേറ്റു. സേനയെ നയിച്ച പരിചയവും കരസേനാ മേധാവിയെന്ന പരിഗണനയും ജനറല്‍ നരാവണെയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാകും.
ഇന്ത്യന്‍ സേനാ ചരിത്രത്തിലെ തന്നെ വലിയ പരിഷ്‌കാരങ്ങള്‍ക്ക് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളായിരുന്നു ജനറല്‍ റാവത്ത് മുന്നോട്ട് വച്ചിരുന്നത്. മൂന്ന് സായുധ സേനകളുടെയും ഓപ്പറേഷനുകള്‍ ഏകോപിപ്പിക്കുന്ന മിലിട്ടറി കമാന്‍ഡുകള്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ സജ്ജമാക്കാനായിരുന്നു ജനറല്‍ റാവത്ത് ലക്ഷ്യം. സംയുക്ത സൈനിക മേധാവി എന്ന പദവി സൃഷ്ടിച്ചതും ഇത്തരത്തിലുള്ള നീക്കങ്ങളുടെ പുറത്തായിരുന്നു. മറ്റൊരു സര്‍ക്കാരും തയ്യാറാകാതിരുന്ന പല സൈനിക പദ്ധതികള്‍ക്കും മോദി സര്‍ക്കാര്‍ പച്ചക്കൊടി വീശിയതും ഇന്ത്യയുടെ കരുത്ത് കൂടുതല്‍ ശക്തമാക്കാന്‍ സഹായിച്ചു എന്നതും എടുത്തുപറയേണ്ട വസ്തുത തന്നെ.
2019 ഡിസംബര്‍ 31ന് ആണ് ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായി മനോജ് മുകുന്ദ് നരവണെ ഇന്ത്യന്‍ കരസേന മേധാവിയായി ചുമതലയേറ്റത്. 1980 ജൂണില്‍ തന്റെ 20ാം വയസ്സിലാണ് നരവണെ ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായത്. മഹാരാഷ്ട്രയിലെ പുണെ സ്വദേശിയാണ് നരവണെ. കരസേന മേധാവി പദവിയിലെത്തുന്നതിന് മുന്‍പ് കരസേനയുടെ 40ാം ഉപമേധാവി പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. 2019 ഡിസംബര്‍ 16ന് വിജയ് ദിവസിന് മുന്‍പാണ് നരവണെയെ ഇന്ത്യയുടെ കരസേന മേധാവിയായി പ്രഖ്യാപിച്ചത്.
എന്നാല്‍ സംയുക്ത സൈനിക മേദാവി എന്ന പദത്തിലേക്ക് റാവത്തിന് മുന്‍പ് നിയമനം നടന്നിട്ടില്ലാത്തതിനാല്‍ തന്നെ മറ്റൊരാളെ തിരഞ്ഞെടുക്കുന്നതിലും സര്‍ക്കാരിന് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമായി വരുന്നുണ്ട്. നിയമം അനുസരിച്ച് ഏതൊരു കമാന്‍ഡിങ് ഓഫീസര്‍ക്കും സംയുക്ത സൈനിക മേധാവിയാകാനുള്ള യോഗ്യതയുണ്ട്. നാല് സ്റ്റാറുകളുള്ള ജനറല്‍ പദവിയിലോ സമാന റാങ്കിലുള്ള എയര്‍ ചീഫ് മാര്‍ഷല്‍ (വ്യോമസേന), അഡ്മിറല്‍ (നാവികസേന) എന്നിവര്‍ക്കും സി.ഡി.എസ് പദവിയില്‍ എത്തുന്നതിന് തടസ്സമില്ല. അതിനാല്‍ തന്നെ നിയമനം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഇത് വഴിവെച്ചേക്കും.
മൂന്ന് സേനകളുടെയും ഫലപ്രദമായ ഏകോപനം ലക്ഷ്യമിട്ടുള്ള തിയേറ്റര്‍ കമാന്‍ഡ് രൂപീകരണം പൂര്‍ത്തിയാകും മുന്‍പാണ് ജനറല്‍ റാവത്തിന്റെ വിടവാങ്ങല്‍ എന്നത് ഇന്ത്യന്‍ പ്രതിരോധത്തിന്റെ കറുത്ത ഏടായി എന്നും നിലനില്‍ക്കും.
മിലിട്ടറി കമാന്‍ഡുകള്‍ക്ക് കീഴില്‍ സേനകളുടെ ആള്‍ബലം, കഴിവ്, ലോജിസ്റ്റിക്സ് എന്നിവ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനും സേനകളുടെ പ്രവര്‍ത്തനം ഏകീകരിക്കാനും ചെലവു കുറയ്ക്കാനും ലക്ഷ്യമിട്ട് വെസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡ്, നോര്‍ത്തേണ്‍ തിയേറ്റര്‍ കമാന്‍ഡ്, ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗത്ത് ഈസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡ് തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.
പെനിന്‍സുല കമാന്‍ഡ്, വ്യോമ പ്രതിരോധ കമാന്‍ഡ്, സ്പേസ് കമാന്‍ഡ്, മള്‍ട്ടി സര്‍വീസ് ലോജിസ്റ്റിക്‌സ് കമാന്‍ഡ്, ട്രെയിനിംഗ് കമാന്‍ഡ് എന്നിവയും ആലോചനയിലുണ്ട്.
ഓരോ തിയേറ്റര്‍ കമാന്‍ഡിലും വ്യോമസേനയുടെ ഒരു വിഭാഗമുണ്ടാകും. ആവശ്യമനുസരിച്ച് കൂടുതല്‍ വിമാനങ്ങള്‍ ചേര്‍ക്കും. ചേര്‍ന്നു കിടക്കുന്ന മേഖലകളില്‍ സ്റ്റോറുകള്‍, ബേസുകള്‍ എന്നിവ പങ്കിട്ടും ആയുധങ്ങള്‍ പരസ്പരം കൈമാറിയും ചെലവു ചുരുക്കാമെന്ന് കണക്കുകൂട്ടുന്നു.