INDIA

ഹെലികോപ്ടര്‍ അപകടം; രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിനെ വിദഗ്ധ ചികിത്സയ്ക്കായി ബാംഗ്ലൂരുവിലേക്ക് മാറ്റി

ന്യൂഡല്‍ഹി: കൂനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിനെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ കമാന്റ് ആശുപത്രിയിലേക്കു മാറ്റി. വെല്ലിംങ്ങ്ടണിലെ സൈനിക ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരവെയാണ് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെത്തിച്ചത്.

ഇത് രണ്ടാം തവണയാണ് വരുണ്‍ സിങ്ങ് അപകടത്തില്‍പ്പെടുന്നത്. കഴിഞ്ഞ വര്‍ഷം സാങ്കേതിക തകരാറുമൂലം അപകടത്തിലായ തേജസ് യുദ്ധവിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിന് അദ്ദേഹത്തിന് ബഹുമതിയും ലഭിച്ചിട്ടുണ്ട്. സ്വാതന്ത്രദിനത്തില്‍ ശൗര്യചക്ര നല്‍കിയാണ് വരുണ്‍ സിംങ്ങിനെ ആദരിച്ചത്. വെല്ലിംങ്ങ്ടണ്‍ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജിലെ ഡയറക്ടിങ് സ്റ്റാഫായി സേവനം അനുഷ്ഠിക്കവേയാണ് വീണ്ടും അപകടത്തില്‍പ്പെടുന്നത്.

സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനെ സ്വീകരിക്കാനാണ് വരുണ്‍ സൂലൂരിലേക്ക് പോയത്.
കോയമ്പത്തൂരില്‍ നിന്ന് 11.47 ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ലാന്‍ഡിങ്ങിന് പത്തു കിലോമീറ്റര്‍ മാത്രം ശേഷിക്കെ തകര്‍ന്ന് വീഴുകയായിരുന്നു. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേന താവളത്തില്‍നിന്ന് ഊട്ടിയിലെ വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ് അപകടം ഉണ്ടായത്.

അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തിന് പിന്നാലെ വ്യോമസേനാ ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോര്‍ഡര്‍ അന്വേഷണ സംഘം കണ്ടെത്തി. ഹെലികോപ്ടറില്‍ നിന്ന് അടിയന്തര സന്ദേശം ലഭിച്ചില്ലെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വ്യക്തമാക്കി. വെല്ലിംഗ്ടണ്‍ എടിസിയുമായി സമ്പര്‍ക്കത്തില്‍ എന്നായിരുന്നു ഏറ്റവും അവസാനം പൈലറ്റ് നല്‍കിയ സന്ദേശം. വിങ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശോധന. 25 പേരാണ് പരിശോധനാ സംഘത്തിലുള്ളത്. വ്യോമസേനാ മേധാവി വിവേക് റാം ചൗധരിയും സ്ഥലത്തെത്തി പരിശോധന നടത്തി.

 

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close