INDIA
ധീരയോദ്ധാക്കള്‍ക്ക് രാജ്യത്തിന്റെ ആദരാജ്ഞലി; റാവത്തിന്റെയും മധുലികയുടെ സംസ്കാരചടങ്ങുകള്‍ ഇന്ന്

ന്യൂഡല്‍ഹി: സൈനിക ഹെലികോപ്ടര്‍ ദുരന്തത്തില്‍ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും സംസ്കാരചടങ്ങുകള്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളുടെ വൈകീട്ട് മൂന്ന് മണിക്ക് ബ്രാര്‍ ശ്മശാനത്തിലാണ് സംസ്കാരം.
സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, പത്നി മധുലിക, മലയാളിയായ ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ.പ്രദീപ് എന്നിവരടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ രാത്രി 7.40 ഓടെയാണ് പാലം വ്യോമതാവളത്തിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് തുടങ്ങിയവര്‍ സ്ഥലത്തെത്തി അഭിവാദ്യമര്‍പ്പിച്ചു. രാവിലെ 11 മണി മുതല്‍ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചു.
അതേസമയം, ഹെലികോപ്റ്റര്‍ അപകടമുണ്ടായ കൂനൂരില്‍ പരിശോധനകള്‍ പുരോഗമിക്കുകയാണ്. ഡ്രാണ്‍ ഉപയോഗിച്ചുള്ള പരിശോധനകളാണ് പ്രധാനമായും നടക്കുന്നത്. അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ലഭിച്ച ഹെലികോപ്റ്ററിന്റെ ഫ്ളൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍ അന്വേഷണത്തിന് പ്രധാന തെളിവാകും. വിംഗ് കമാന്‍ഡന്‍ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള 25 അംഗ പ്രത്യേക വ്യോമസേനാ സംഘം ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ ഉള്‍പ്പെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
സമഗ്രമായ അന്വേഷണങ്ങള്‍ക്ക് ശേഷം പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംങ്ങിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടര്‍ന്നതിനാല്‍ വിദഗ്ദ ചികിത്സയ്ക്കായി ബാംഗ്ലൂരുവിലെ വ്യോമസേന കമാന്‍ഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന് 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.
വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തടക്കം ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്മാരും അടക്കം 14 പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരു മലയാളി സൈനികനും ഉള്‍പ്പെടുന്നു.
ഇവര്‍ക്കു പുറമേ ലാന്‍സ് നായിക് വിവേക് കുമാറിന്റെ മൃതദേഹവും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദീപ് ഉള്‍പ്പെടെ ബാക്കി 9 പേരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധനയ്ക്കായി ബന്ധുക്കളുടെ സാംപിള്‍ ശേഖരിക്കും. ഡല്‍ഹി സൈനിക ആശുപത്രിയിലാകും പരിശോധന. തിരിച്ചറിയുംവരെ മൃതദേഹങ്ങള്‍ സേനാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ എത്രയും വേഗം ബന്ധുക്കള്‍ക്കു കൈമാറുമെന്നും ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുമെന്നും സേനാ വൃത്തങ്ങള്‍ അറിയിച്ചു.